ന്യൂഡൽഹി: ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഔദ്യോഗിക വസതിയുടെ നവീകരണവുമായി ബന്ധപ്പട്ട് നടത്തിയ ക്രമക്കേടുകളിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സിപിഡബ്ല്യുഡി) സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എട്ട് ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ആഡംബര ബംഗ്ലാവ് നിർമ്മിച്ചത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണെന്ന ആരോപണത്തിൽ വിശദമായ അന്വേഷണം നടത്താനും സിപിഡബ്ല്യുഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സാധാരണക്കാരായി ജീവിക്കുന്നുവെന്ന് അവകാശപ്പെട്ടിരുന്നു കേജരിവാൾ ശിഷ്മഹലിന്റെ നവീകരണത്തിന്റെ പേരിൽ പൊടിച്ച കോടികളുടെ കണക്ക് ബിജെപി മുൻപ് പുറത്ത് വിട്ടിരുന്നു. ഇതോടെയാണ് അത്യാഢംബരത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറം ലോകം അറിഞ്ഞ് തുടങ്ങിയത്.
21,000 ചതുരശ്ര അടിയിലുള്ള ഈ ബംഗ്ലാവ് പൂർണമായും എയർ കണ്ടീഷനിംഗ് ചെയ്തതാണ്. 250 ടൺ എയർ കണ്ടീഷനിംഗ് പ്ലാന്റിന് പുറമെ 50 എസികളും കൂടി ഇവിടെയുണ്ട്. ഇന്റീരിയറിന് വേണ്ടി 10 കോടി രൂപയാണ് ധൂർത്തടിച്ച് കളഞ്ഞത്. സ്റ്റെയർകേസിനും ബ്രാസ് റെയ്‌ലിംഗിനും വേണ്ടി മാത്രം 41 ലക്ഷം രൂപയാണ് മുടക്കിയത്.