മുംബൈ: ഈദ് ഉൽ ഫിത്തർ ദിനമായ മാർച്ച് 31, തിങ്കളാഴ്ച രാജ്യത്തെ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും. സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ഏജൻസി ബാങ്കുകൾ അന്നേദിവസം തുറന്ന് പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശിച്ചു. 2024-25 സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസമായതിനാലാണ് ഇത്തരം ഒരു നിർദ്ദേശം.
പെരുന്നാൾ പ്രമാണിച്ച് ഹിമാചൽ പ്രദേശ്, മിസോറാം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ മാർച്ച് 31 പൊതു അവധി പ്രഖ്യാപിച്ചിരുന്നു. സർക്കാർ കലണ്ടർ പ്രകാരം ഏപ്രിൽ ഒന്ന് മുതൽ മാർച്ച് 31 വരെയാണ് ഒരു സാമ്പത്തിക വർഷം. അതാത് സാമ്പത്തിക വർഷത്തെ ഇടപാടുകളെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കണ്ടേതുണ്ട്.
റിസർവ് ബാങ്കിന്റെ ഏജൻസി ബാങ്കുകളിൽ പെട്ട പൊതു, സ്വകാര്യ ബാങ്കുകൾക്ക് നിർദേശം ബാധകമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക്, ആക്സിസ് ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങി എല്ലാം ബാങ്കുകളും അന്നേ ദിവസം പ്രവർത്തിക്കും.
ആർബിഐയുടെ വെബ്‌സൈറ്റിൽ പുറത്തിറക്കിയ ബാങ്ക് അവധി കലണ്ടർ അനുസരിച്ച്, ഏപ്രിൽ 1 (ചൊവ്വാഴ്ച) മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ബാങ്കുകൾ അടഞ്ഞുകിടക്കും. എന്നാൽ ഛത്തീസ്ഗഢ്, മിസോറാം, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, മേഘാലയ എന്നി സംസ്ഥാനങ്ങൾക്ക് അവധി ബാധകമല്ല.















