കലഹിച്ചും സ്നേഹിച്ചും പിരിയാതെ 84 വർഷം പിന്നിട്ട ബ്രസീലിയൻ ദമ്പതികൾക്ക് ഗിന്നസ് ലോക റെക്കോർഡ്. 1940-ൽ ബ്രസീലിലെ സിയറയിലുള്ള ബോവ വെഞ്ചുറയിലെ ചാപ്പലിൽ വച്ച് വിവാഹിതരായ മനോയലും മാറിയയുമാണ് റെക്കോർഡ് സ്വന്തമാക്കിയ ദമ്പതികൾ. അവർ വിവാഹിതരാകുമ്പോൾ ബ്രസീൽ ഒരു ഫിഫ ലോകകപ്പ് പോലും നേടിയിരുന്നില്ല. ആദ്യത്തെ പ്രോഗ്രാമബിൾ ഇലക്ട്രോണിക് കമ്പ്യൂട്ടർ കണ്ടുപിടിച്ചിട്ടില്ല. ജീവിതത്തിന്റെ വ്യത്യസ്തമായ പാതകളിൽ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച ദമ്പതികളുടെ ജീവിതം ഏറെ പ്രചോദനം പകരുന്നത്
1936-ൽ, പരമ്പരാഗത ബ്രസീലിയൻ മിഠായിയായ റാപാഡുറസ് ശേഖരിക്കാൻ മനോയൽ ബോവ വിയാഗെമിലെ അൽമേഡ മേഖലയിലേക്ക് പോയപ്പോഴാണ് ആദ്യമായി മരിയയെ കണ്ടത്. പിന്നീട് 1940-ൽ ഒരു യാദൃശ്ചിക കൂടിക്കാഴ്ച അവരുടെ ബന്ധത്തിന് തുടക്കമിട്ടു. മനോയലിന്റെ വിവാഹാഭ്യർത്ഥന മരിയ സ്വീകരിച്ചു. എന്നാൽ മരിയയുടെ അമ്മ ആദ്യം ഈ ബന്ധത്തെ അംഗീകരിച്ചില്ല. അമ്മയെ അനുനയിപ്പിക്കാൻ മനോയൽ അവർക്കായി ഒരു വീട് പണിതു. കുടുംബത്തിന്റെ അംഗീകാരം ലഭിച്ചയുടനെ, ദമ്പതികൾ വിവാഹിതരായി ഒരുമിച്ച് ജീവിതം ആരംഭിച്ചു.
വളർന്നുവരുന്ന തങ്ങളുടെ കുടുംബത്തെ പോറ്റുന്നതിനായി അവർ പുകയില കൃഷി ചെയ്തു. 13 കുട്ടികളെ വളർത്തി, പിന്നീട് അവരുടെ വംശം 55 പേരക്കുട്ടികളിലേക്കും,ഈ പേരക്കുട്ടികൾക്ക് 54 കുട്ടികളും, ഇവർക്ക് 12 മക്കളുമായി വികസിച്ചു. ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ മനോയാലും മരിയയും ശാന്തമായ വിശ്രമ ജീവിതം നയിക്കുകയാണ്. ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന ദാമ്പത്യത്തിനുള്ള റെക്കോർഡ് മനോയലും മരിയയും സ്വന്തമാക്കിയെങ്കിലും രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ദൈർഘ്യമേറിയ ദാമ്പത്യം ഡേവിഡ് ജേക്കബ് ഹില്ലറുടേയും സാറാ ഡേവി ഹില്ലറുടേതുമാണ്. അവരുടെ ദാമ്പത്യ ജീവിതം 88 വർഷവും 349 ദിവസവും നീണ്ടുനിന്നു.















