തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയ ഗോപൻസ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഗോപൻ സ്വാമിയുടെ മൂക്കിലും മുഖത്തും തലയിലുമായി നാല് പരിക്കുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. വലതുചെവിയുടെ പിൻഭാഗത്തായി തലയോട്ടിയിൽ ചതവുണ്ട്. മുഖത്തിന്റെ രണ്ട് ഭാഗത്തും മൂക്കിലും ചെറിയ പരിക്കുകളുണ്ട്.
ശരീരത്തിൽ കണ്ടെത്തിയ മുറിവുകൾ മരണത്തിന് മുമ്പ് ഉണ്ടായിരുന്നതായി കണ്ടെത്തി. ആഴത്തിലുള്ള മുറിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ശരീരത്തിലുള്ള മുറിവുകളോ മറ്റ് ചതവുകളോ ഒന്നും തന്നെ മരണകാരണമായിട്ടില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ജനുവരി 16-ന് രാവിലെയാണ് പോസ്റ്റുമോർട്ടം നടപടികൾ അവസാനിച്ചത്. ഏറെ ചർച്ചയായ സംഭവമായിരുന്നു നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മരണം. ഗോപൻ സ്വാമി സമാധിയായെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. എന്നാൽ ഇത് വിശ്വസിക്കാൻ തയാറാകാതെ നാട്ടുകാർ രംഗത്തെത്തിയതോടെ വിഷയം വിവാദമായി. ഒടുവിൽ സമാധി പൊളിച്ച് മൃതദേഹം പുറത്തെടുക്കാനായി അന്വേഷണം സംഘം എത്തിയതിന് പിന്നാലെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.
അടുത്ത ദിവസം സമാധി തുറന്ന് മൃതദേഹം പുറത്തെടുത്തിരുന്നു. ഭസ്മവും കർപ്പൂരവും മൂടിയ നിലയിലായിരുന്നു മൃതദേഹം. സമാധി മണ്ഡപത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ മൃതദേഹം അഴുകിതുടങ്ങിയിരുന്നു. മുഖം വികൃതമായി മാറി. കാവി വസ്ത്രം ധരിപ്പിച്ച് കഴുത്തിൽ ഉണങ്ങിയ മുല്ലമാലയും രുദ്രാക്ഷവും ധരിപ്പിച്ച നിലയിലാണ് മൃതദേഹം പുറത്തെടുത്തത്.















