കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിങ് കേസിൽ പ്രതികൾക്കെതിരെ കർശന നടപടി. അതിക്രൂരവും പൈശാചികവുമായ റാഗിങ് നടത്തിയ അഞ്ച് വിദ്യാർത്ഥികളുടെയും തുടർപഠനം തടയുമെന്ന് നഴ്സിംഗ് കൗൺസിൽ അറിയിച്ചു. ഇക്കാര്യം കോളേജ് അധികൃതരെയും സംസ്ഥാന സർക്കാരിനേയും ഉടൻ രേഖാമൂലം അറിയിക്കുമെന്നും കൗൺസിൽ പ്രതിനിധികൾ വ്യക്തമാക്കി. നഴ്സിംഗ് കൗൺസിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
വിവേക്, സാമുവൽ, ജീവ, രാഹുൽ രാജ്, റിജിൽ എന്നിവരായിരുന്നു ഒന്നാം വർഷ വിദ്യാർത്ഥികളോട് കേട്ടുകേൾവിയില്ലാത്ത റാഗിങ് ക്രൂരതകൾ കാണിച്ചത്. പഠനം തുടരാൻ ഇവർ അർഹരല്ലെന്ന് നഴ്സിംഗ് കൗൺസിൽ വിലയിരുത്തി. പ്രതികളായ മുഴുവൻ വിദ്യാർത്ഥികളുടെയും തുടർപഠനം വിലക്കാനാണ് കൗൺസിൽ തീരുമാനം. അഞ്ച് വിദ്യാർത്ഥികളെയും ഇനി കേരളത്തിൽ പഠിക്കാൻ അനുവദിക്കില്ലെന്ന് കൗൺസിൽ പ്രതിനിധകൾ പ്രതികരിച്ചു.
കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഹോസ്റ്റൽ മുറിയിൽ നടത്തിയ പരിശോധനയിൽ കത്തിയും കരിങ്കല്ലും അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തിയിരുന്നു.















