ചെന്നൈ: അനധികൃത മദ്യവില്പന പൊലീസിനെ അറിയിച്ച വൈരാഗ്യത്തിൽ രണ്ട് യുവാക്കളെ കുത്തികൊന്നു. എഞ്ചിനിയറിംഗ് വിദ്യാർത്ഥി ഹരിശക്തി (20), സുഹൃത്ത് ഹരീഷ് (25) എന്നിവരാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ മയിലാടുതുറ മുട്ടത്താണ് സംഭവം.
മയിലാടുതുറൈയ്ക്ക് സമീപമുള്ള മുട്ടം നോർത്ത് റോഡ് ഭാഗത്ത് രാജ്കുമാർ, തങ്കദുരൈ, മൂവേന്തൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മദ്യം വിറ്റിരുന്നത്. പ്രദേശത്ത് പ്രശ്നങ്ങൾ പതിവായതോടെ യുവാക്കൾ മദ്യവിൽപ്പനയെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരുന്നു. പിന്നാലെ പൊലീസിനെ അറിയിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
പിന്നാലെ പ്രദേശത്ത് പൊലീസ് നടത്തിയ റെയ്ഡിൽ രാജ്കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് രാജ്കുമാറിനെ ജാമ്യത്തിൽ വിട്ടയച്ചത്. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നത്.















