ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത് പുതിയ പദ്ധതിയുമായി റെയിൽവേ. പ്ലാറ്റ്ഫോമുകളിലെ തിരക്ക് നിയന്ത്രിക്കാൻ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് റെയിൽവേ അറിയിച്ചു. കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ തിക്കിലും തിരക്കിലുംപെട്ട് യാത്രക്കാർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി പ്രഖ്യാപനം.
രാജ്യത്തുടത്തീളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ പദ്ധതി കൊണ്ടുവരും. ഇതിലൂടെ യാത്രക്കാരുടെ അധിക തിരക്ക് നിയന്ത്രിക്കാനാകുമെന്ന് റെയിൽവേ അറിയിച്ചു. രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ഹോൽഡിംഗ് സോണുകൾ കൊണ്ടുവരും. കൂടാതെ തിരക്ക് വർദ്ധിക്കുന്ന സന്ദർഭങ്ങളിൽ അത് കൈകാര്യം ചെയ്യാനുള്ള പ്രത്യേക പരിശീലനങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകും.
ട്രെയിനുകൾ വൈകുന്ന സാഹചര്യമുണ്ടായാൽ അത് നിരീക്ഷിക്കാൻ എഐ സാങ്കേതികവിദ്യ ഉപയോഗിക്കും. പടിക്കെട്ടുകളിലും പ്ലാറ്റ്ഫോമുകളിലും ഇരിക്കുന്ന യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കും. ഡൽഹി റെയിൽവേ സ്റ്റേഷനിൽ മാത്രം 200 സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ട്.
മഹാകുംഭമേള തുടരുന്ന പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തുമെന്നും റെയിൽവേ അറിയിച്ചു. കുംഭമേളയിൽ പങ്കെടുക്കാൻ പോവുകയായിരുന്ന തീർത്ഥാടകരാണ് തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്.















