കോഴിയുടെ കൂവൽ കാരണം ഉറക്കം നഷ്ടപ്പെടുന്നുവെന്ന അയൽവാസിയുടെ പരാതിയിൽ നടപടിയുമായി ആർഡിഒ. കോഴിക്കൂട് മാറ്റി സ്ഥാപിക്കാൻ അടൂർ ആർഡിഒ ബി. രാധാകൃഷ്ണനാണ് ഉത്തരവിട്ടിരിക്കുന്നത്.
അടൂർ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരൻ. രാധാകൃഷ്ണക്കുറുപ്പിന്റെ അയൽവാസിയായ അനിൽ കുമാർ വീടിന് മുകളിലാണ് കോഴിക്കൂട് സ്ഥാപിച്ചിട്ടുളളത്. പുലർച്ചെ 3 മണി മുതൽ കോഴി കൂവുമെന്നും പ്രായത്തിന്റയും രോഗത്തിന്റെയും അവശതയുണ്ടെന്നും അതിനാൽ ഉറക്കം നഷ്ടപ്പെടുന്നുമെന്നായിരുന്നു പരാതി.
തുടർന്ന് ആർഡിഒ നേരിട്ട് സ്ഥലത്ത് എത്തി പരിശോധന നടത്തിയാണ് കോഴിക്കൂട് മാറ്റി സ്ഥാപിക്കാൻ ഉത്തരവ് ഇറക്കിയത്. ’14 ദിവസത്തിനുള്ളിൽ കോഴിക്കൂട് വീടിന്റെ മുകളിൽ നിന്നും മാറ്റി വീടിന് തെക്ക് വശത്തുള്ള അലക്കുകല്ലിന് കിഴക്കു ഭാഗത്തായി അതിർത്തിയോട് ചേർന്ന് ക്രമീകരിക്കുക’, എന്നാണ് ഉത്തരവ്.















