ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അത്‌ലറ്റ്സ് കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് രാജിവെച്ചതായുള്ള റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് ബോക്സിങ് താരം എംസി മേരികോം. താൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കാലാവധി പൂർത്തിയാകുന്നതുവരെ പാനലിൽ തുടരുമെന്നും മേരികോം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ദേശീയ ഗെയിംസ് സമാപന ചടങ്ങിൽ പങ്കെടുക്കാൻ ഹൽദ്വാനിയിലേക്ക് പോയ താരം അവിടെ സൗകര്യങ്ങളില്ലാത്ത ഹോട്ടലിൽ താമസിക്കേണ്ടി വന്നതിന്റെ അമർഷം മാധ്യമങ്ങളോട് പ്രകടിപ്പിച്ചിരുന്നു. ഇതാണ് പിന്നീട് തന്റെ രാജി പ്രഖ്യാപനമായി വ്യാഖ്യാനിക്കപ്പെട്ടതെന്ന് മേരികോം പറഞ്ഞു.
“ഇത്തരത്തിലുള്ള പെരുമാറ്റം വീണ്ടും ഉണ്ടായാൽ രാജിവയ്‌ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഞാൻ എന്റെ സഹ (അത്‌ലറ്റ്‌സ് കമ്മീഷൻ) അംഗങ്ങളോട് പറയുകയായിരുന്നു. എന്നാൽ ഞാൻ രാജിവയ്‌ക്കുന്നുവെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. IOA എന്റെ കുടുംബമാണ്, എന്തെങ്കിലും കാര്യത്തിൽ എനിക്ക് അസന്തുഷ്ടിയുണ്ടെങ്കിൽ, അത് പ്രകടിപ്പിക്കാൻ എനിക്ക് എല്ലാ അവകാശവുമുണ്ട്. അതിനർത്ഥം ഞാൻ രാജിവയ്‌ക്കുന്നു എന്നല്ല,” അവർ പറഞ്ഞു.
എന്തുകൊണ്ടാണ് തന്റെ പ്രസ്താവനകൾ മാത്രം വളച്ചൊടിക്കപ്പെടുന്നതെന്നും സഹകായിക താരങ്ങൾ പലരും പലവിഷയങ്ങളിലും പ്രതികരിക്കുന്നുണ്ടെങ്കിലും അവരാരും വിവാദത്തിൽപെടുന്നില്ലെന്നും മേരികോം പറഞ്ഞു. ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങിന് പോയപ്പോൾ മെച്ചപ്പെട്ട ഹോട്ടൽ ലഭ്യമായിട്ടും തന്നെ മാത്രം ഒരു മോശം ഹോട്ടലിൽ താമസിപ്പിച്ചു. മറ്റുള്ളവർക്ക് മെച്ചപ്പെട്ട സൗകര്യം നൽകാൻ കഴിയുമെങ്കിൽ തനിക്ക് എന്തുകൊണ്ട് നൽകിയില്ലെന്ന കാര്യമാണ് ചോദ്യം ചെയ്തതെന്നും താരം വിശദമാക്കി.
2022 ലാണ് മേരികോമിനെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അത്‌ലറ്റ്സ് കമ്മീഷൻ ചെയർപേഴ്സണായി തെരഞ്ഞെടുക്കുന്നത്. ടേബിൾ ടെന്നീസ് താരം എ ശരത് കമാൽ ആണ് വൈസ് ചെയർപേഴ്സൺ. ഒളിമ്പിക് മെഡൽ ജേതാവായ ബാഡ്മിന്റൺ താരം പി.വി. സിന്ധു, മുൻ ഷോട്ട്പുട്ട് താരം ഓം പ്രകാശ് കർഹാന, ഒളിമ്പ്യൻ ശിവ കേശവൻ, ലണ്ടൻ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് ഷൂട്ടർ ഗഗൻ നരംഗ്, തുഴച്ചിൽ താരം ബജ്രംഗ് ലാൽ, ഫെൻസർ ഭവാനി ദേവി, മുൻ വനിതാ ഹോക്കി ക്യാപ്റ്റൻ റാണി രാംപാൽ, ടോക്കിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ ജേതാവായ ഭാരോദ്വഹന താരം മീരാഭായ് ചാനു എന്നിവരും കമ്മീഷനിൽ ഉൾപ്പെടുന്നു.ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിൽ ഒരാളായ മേരി കോം മുൻപ് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അത്‌ലറ്റ്സ് ഫോറത്തിലും അംഗമായിരുന്നു.















