റംസാൻ മാസം പ്രമാണിച്ച് മുസ്ലീം ജീവനക്കാരുടെ ഓഫീസ് സമയം വെട്ടിക്കുറച്ച്
തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ. മുസ്ലീം വിഭാഗത്തിൽ പെട്ട സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം നാല് മണിവരെയാക്കി.
ഫെബ്രുവരി 15 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ മുസ്ലീം ജീവനക്കാർക്ക് റംസാൻ മാസത്തിൽ 4 മണിവരെയാണ് ജോലി സമയം. പ്രാർത്ഥനകൾക്കായാണ് ഒരു മണിക്കൂർ നേരത്തെ പോകാൻ അനുവാദം നൽകിയതെന്ന് ചീഫ് സെക്രട്ടറി ശാന്തി കുമാരി ഒപ്പിട്ട സർക്കുലറിൽ പറയുന്നു.
മൂസ്ലീം വിഭാഗത്തെ പ്രീണിപ്പിച്ച് നിർത്താനുള്ള മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെയും കൂട്ടരുടെയും നീക്കത്തിന്റെ ഭാഗമാണ് നടപടിയെന്ന ആരോപണം ശക്തമാണ്. എല്ലാം മതവിഭാഗത്തിനും ഈ പരിഗണന ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ബിജെപി ഉയർത്തിക്കഴിഞ്ഞു. ഒരു മതത്തിലെ സർക്കാർ ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുമ്പോൾ, അതേ മര്യാദ എന്തുകൊണ്ട് മറ്റുള്ളവരോട് അവരുടെ മതപരമായ ഉത്സവങ്ങളിൽ കാണിക്കുന്നില്ല? വിജയദശമി/നവരാത്രി വ്രതം നോൽക്കുന്ന വേളയിൽ ഹിന്ദു ജീവനക്കാർക്ക് നേരത്തെ പോകാൻ അനുവാദമുണ്ടോയെന്ന് ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ ചോദിച്ചു.
കഴിഞ്ഞ വർഷം, ഗണേശ ചതുർത്ഥി, രാമനവമി ആഘോഷങ്ങളിലെ ഘോഷയാത്രകൾക്ക് “സുരക്ഷാ ആശങ്കകൾ” ചൂണ്ടിക്കാട്ടി കനത്ത പൊലീസ് കാവലും നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. അതേ സർക്കാരാണ് ഇത്തരം ഉത്തരവ് ഇറക്കിയിരിക്കുന്നത്.















