ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ബിജെപി നിയമസഭാകക്ഷി യോഗം നാളെ ചേരും. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്തിലായിരിക്കും യോഗം ചേരുക. തുടർന്ന് 20-ന് രാംലീല മൈതാനിയിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മറ്റ് എൻഡിഎ നേതാക്കൾ, സിനിമാ താരങ്ങൾ, സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രതിനിധികൾ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. കൂടാതെ ഡൽഹിയിലെ ചേരിനിവാസികളെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഡൽഹി നിമയസഭാ തെരഞ്ഞെടുപ്പിൽ 48 സീറ്റുകൾ നേടി വിജയിച്ച നിയമസഭാംഗങ്ങളിൽ 15 പേരുടെ പേരുകൾ പരിഗണനയിലുണ്ട്. ഇവരിൽ ഒമ്പത് പേരെ മുഖ്യമന്ത്രി, സംസ്ഥാന കാബിനറ്റ് മന്ത്രിമാർ, സ്പീക്കർ എന്നീ പ്രധാന സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കും.
ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ യാതൊരു സൂചനയും പുറത്തുവന്നിട്ടില്ല. അരവിന്ദ് കെജരിവാളിനെതിരെ വിജയം നേടിയ പർവേഷ് ശർമ, മുൻ ബിജെപി ഡൽഹി പ്രസിഡന്റ് സതീഷ് ഉപാധ്യായ, ആശിഷ് സൂദ്, ജിതേന്ദ്ര മഹാജൻ, വിജേന്ദർ ഗുപ്ത തുടങ്ങിയവരുടെ പേരുകളും പട്ടികയിലുണ്ട്.















