ശ്രീനഗർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ വർഷങ്ങളോളം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുസ്ലീം പണ്ഡിതൻ ‘പീർ ബാബ’യ്‌ക്ക് 10 വർഷം തടവ്. ജമ്മു കശ്മീരിലെ മുണ്ട്ജി സ്വദേശിയായ ’ മൗലവി അജാസ് അഹമ്മദ് ഷെയ്‌ക്കിനെയാണ് ശിക്ഷിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ സോപോറിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.
ആത്മീയ ശക്തിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചിരുന്നത്. ജിന്നുമായി സംസാരിക്കാൻ തനിക്ക് കഴിവുണ്ടെന്നും അവകാശപ്പെട്ടിരുന്നു. ജിന്ന് ശരീരത്തിൽ കയറിയെന്നും താനല്ല ജിന്നാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് ഇയാൾ കുട്ടികളോട് പറഞ്ഞത്.
രാത്രിയാണ് ജിന്ന് വരുന്നതെന്നും അതിനാൽ ആ സമയത്ത് എത്തിക്കാനുമാണ് പ്രതി മാതാപിതാക്കളോട് നിർദ്ദേശിച്ചിരുന്നത്. വർഷങ്ങളോളം പീഡനത്തിന് ഇരയായ ഒരു കുട്ടിയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ജിന്നുകളുമായി സംസാരിക്കാൻ വേണ്ടി രാത്രിയിൽ കുട്ടികളെ കൊണ്ടുവരാൻ ഷെയ്ഖ് ആവശ്യപ്പെടുമായിരുന്നുവെന്ന് ഇരയുടെ പിതാവ് മൊഴി നൽകി. 2013 മുതൽ 2017 വരെ നാല് വർഷക്കാലം തുടർച്ചയായി മകനെ പ്രതിയുടെ അടുത്തേക്ക് കൊണ്ടുപോയിരുന്നുവെന്നും പിതാവ് കോടതിയിൽ പറഞ്ഞു. 2016 മാർച്ച് 2 ന് കേസ് രജിസ്റ്റർ ചെയ്തത്. 2017 ജൂൺ 15 ന് വിശദമായ കുറ്റപത്രം സമർപ്പിച്ചു.















