പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റസമ്മത മൊഴി നൽകാൻ തയ്യാറല്ലെന്ന് ചെന്താമര. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചെന്താമരയുടെ നിലപാട് മാറ്റം.
അഭിഭാഷകൻ ജേക്കബ് മാത്യുവാണ് പ്രതി ചെന്താമരയ്‌ക്ക് വേണ്ടി ഹാജരായത്. ചെന്താമര കുറ്റം സമ്മതിച്ചിട്ടില്ലെന്നും പ്രതിക്ക് ഇതുവരെ നിയമോപദേശം ലഭിച്ചിരുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു. കുറ്റസമ്മതം നടത്തിയാലുള്ള ഭവിഷ്യത്ത് എന്താണെന്ന് ചെന്താമരയെ പറഞ്ഞ് മനസ്സിലാക്കി. പൊലീസ് റിപ്പോർട്ട് സമർപ്പിക്കുന്നതിന് അനുസരിച്ച് വിചാരണ നേരിടുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ചെയ്തത് തെറ്റാണെന്നും 100 വർഷം തടവിന് വേണമെങ്കിലും ശിക്ഷിച്ചോളൂവെന്നും നേരത്തെ ചെന്താമര കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ ഇന്ന് ചിറ്റൂർ കോടതിയിൽ ഹാജരാക്കിയപ്പോൾ നിലപാട് മാറ്റുകയായിരുന്നു പ്രതി.
വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പരോൾ നേടി പുറത്തിറങ്ങിയ സമയത്ത് വീട്ടമ്മയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും വെട്ടിക്കൊല്ലുകയായിരുന്നു ചെന്താമര. 2019ലായിരുന്നു ആദ്യ കൊലപാതകം നടന്നത്. തുടർന്ന് 2025ൽ പരോൾ ലഭിച്ചതിന് പിന്നാലെയായിരുന്നു ഇരട്ടക്കൊല. പരോളിൽ കഴിയുന്ന പ്രതിയുടെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടെന്ന് കുടുംബം പരാതി നൽകിയെങ്കിലും പൊലീസ് ഗൗരവത്തിലെടുത്തിരുന്നില്ല. സംഭവത്തിൽ പൊലീസിന്റെ വീഴ്ച വലിയ തോതിൽ ചർച്ചയായിരുന്നു.















