കൊച്ചി: പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന വിവരങ്ങൾ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ചോർത്തി നൽകിയ കേസിൽ മലയാളിയടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ. കൊച്ചി കപ്പൽശാലയിലെ മുൻ ട്രെയിനി പി. അഭിലാഷിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ വീട്ടിലെത്തിയാണ് ഹൈദരബാദ് എൻഐഎ യൂണിറ്റ് കസ്റ്റഡിയിലെടുത്തത്. ഉത്തര കന്നഡയിൽ നിന്നും ലക്ഷമൺ ടൻഡൽ, അക്ഷയ് രവി എന്നിവരെയും ദേശീയ അന്വേഷണ ഏജൻസി പിടികൂടിയിട്ടുണ്ട്.
നേരത്തെ മലയാളിയും കൊച്ചി കപ്പൽശാലയിലെ താൽക്കാലിക ജീവനക്കാരനുമായ പി എ അഭിലാഷിനെ കൊച്ചിയിൽ പിടികൂടിയിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കൂടുതൽ മലയാളികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
കൊച്ചി, കാർവാർ കപ്പൽനിർമാണ ശാലയിലെ തന്ത്രപ്രധാന വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയെന്നാണ് കേസ്. കാർവാർ നാവികത്താവളത്തിലെ തന്ത്രപ്രധാന മേഖലയിൽ നിന്നുള്ള ദൃശ്യങ്ങളും സേനയുടെ നീക്കങ്ങളും ഇവർ പാകിസ്താന് കൈമാറിയെന്നും ഇതിന് പ്രതിഫലമായി വലിയ തുക കൈപ്പറ്റിയെന്നും എൻഐഎ കണ്ടെത്തിയിരുന്നു.
ഹണി ട്രാപ്പ് വഴിയാണ് പാക് ഐഎസ്ഐ ഇവരിൽ നിന്നും വിവരങ്ങൾ ചോർത്തിയെടുത്തത്
കഴിഞ്ഞ വർഷവും വിശാഖപട്ടണം കപ്പൽശാലയിലെ രഹസ്യങ്ങൾ പാക് ചാരവനിതയ്‌ക്ക് ചോർത്തി നൽകിയതുമായി ബന്ധപ്പെട്ട് അഭിലാഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് വിട്ടയച്ചെങ്കിലും എൻഐഎ നിരീക്ഷണം തുടർന്നിരുന്നു .















