ന്യൂഡൽഹി: ലോകത്ത് അതിവേഗം വളരുന്ന വ്യോമയാന വിപണിയെന്ന നിലയിൽ വരും വർഷങ്ങളിൽ ഇന്ത്യക്ക് ധാരാളം പൈലറ്റുമാരെ ആവശ്യമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു. രാജ്യത്ത് വ്യോമഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ വാക്കുകൾ. കുറഞ്ഞത് 20,000 പുതിയ പൈലറ്റുമാരെയെങ്കിലും സമീപ വർഷങ്ങളിൽ ആവശ്യമായി വരുമെന്ന് വ്യോമയാന മന്ത്രി വ്യക്തമാക്കി.
പൈലറ്റുമാർക്ക് ഇലക്ട്രോണിക് പേഴ്സണൽ ലൈസൻസ് (EPL) വിതരണം ചെയ്യുന്നതിനായി UDAAN ഭവനിൽ എത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. കണക്ടിവിറ്റി, സാമ്പത്തിക വളർച്ച, സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവയുടെ നട്ടെല്ലായി കണക്കാക്കുന്നത് വ്യോമയാന മേഖലയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ച് 157 ആയിരുന്നു. അടുത്ത അഞ്ച് വർഷത്തിനകം 50 പുതിയ എയർപോർട്ടുകൾ കൂടി രാജ്യത്ത് നിലവിൽ വരും.
എയർലൈൻ സെക്ടറിൽ നിരവധി പുതിയ കരാറുകളാണ് ഒപ്പുവച്ചിരിക്കുന്നത്. 1,700ഓളം വിമാനങ്ങൾ ഇന്ത്യയ്‌ക്ക് ലഭിക്കാൻ പോവുകയാണ്. പുതിയ വിമാനങ്ങൾ, പുതിയ സർവീസുകൾക്ക് വഴിയൊരുക്കുമ്പോൾ കൂടുതൽ പൈലറ്റുകളെ ആവശ്യമായി വരും. അടുത്ത വർഷങ്ങളിൽ ഇരുപതിനായിരത്തോളം പുതിയ പൈലറ്റുമാരെ വേണ്ടിവരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.















