വാഷിംഗ്ടൺ: യുഎസിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ഒമ്പതാമത്തെ ഡയറക്ടറായി കാഷ് പട്ടേലിനെ നിയമിച്ച് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഡയറക്ടറായി സ്ഥിരീകരിക്കുന്നതിനുള്ള കമ്മീഷനിൽ ട്രംപ് ഔദ്യോഗികമായി ഒപ്പുവച്ചു. ട്രംപിന്റെ സഹായിയും വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫുമായ ഡാൻ സ്കാവിനോയാണ് ഇക്കാര്യം അറിയിച്ചത്.
പുതുതായി നിയമിതനായ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന് അഭിനന്ദനങ്ങളെന്ന് വൈറ്റ് ഹൗസ് എക്സിൽ കുറിച്ചു. നിയമവാഴ്ച ഉയർത്തുന്നതിനുള്ള പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സുപ്രധാന ചുവടുവയ്പ്പാണിതെന്നാണ് കാഷ് പട്ടേലിന്റെ നിയമനത്തെ വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. ന്യായമായും പക്ഷഭേദമില്ലാതെയും നീതി നടപ്പിലാക്കുക എന്ന നയത്തിന് വേണ്ടി എഫ്ബിഐ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വാർത്താകുറിപ്പിൽ പറയുന്നു.
എഫ്ബിഐയുടെ സുപ്രധാന ചുമതല തന്നെ ഏൽപ്പിച്ചതിന് പ്രസിഡന്റ് ട്രംപിനോട് അകമഴിഞ്ഞ നന്ദിയുണ്ടെന്ന് കാഷ് പട്ടേൽ പറഞ്ഞു. സത്യസന്ധതയോടെയും ഉത്തരവാദിത്തത്തോടെയും എഫ്ബിഐയ്‌ക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് പട്ടേൽ എക്സിൽ കുറിച്ചു. പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കുമെന്നും പട്ടേൽ പറഞ്ഞു.
റിപ്പബ്ലിക്കൻ സെനറ്റർമാരായ ലിസ മുർകോവ്‌സ്‌കിയും സൂസൻ കോളിൻസും കാഷ് പട്ടേലിന്റെ നാമനിർദേശം എതിർത്തിരുന്നു. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ മറ്റ് അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെ എഫ്ബിഐ ഡയറക്ടറായി കാഷ് പട്ടേലിനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.