അയ്യോ, അത് മറന്നേ പോയ്!! എന്ന് പറയാത്തവരുണ്ടാകില്ല. പല കാര്യങ്ങളും നമ്മൾ മറന്നുപോകാറുണ്ട്, പിന്നീട് ഓർമ വരുമ്പോൾ പറയുന്ന ഡയലോഗാണ് മേൽപ്പറഞ്ഞത്. എന്നാൽ ഓർമശക്തിയുടെ കാര്യത്തിൽ ഇന്ത്യക്കാർ അത്ര മോശമൊന്നുമല്ലെന്ന് തെളിയിക്കുകയാണ് വിശ്വരാജകുമാർ എന്ന വിദ്യാർത്ഥി.
ഓർമശക്തി അളക്കാനും വിജയിക്കുന്നവരെ ആദരിക്കാനും നടത്തുന്ന മെമ്മറി ലീഗ് ലോകചാമ്പ്യൻഷിപ്പാണ് ഇന്ത്യൻ വിദ്യാർത്ഥി സ്വന്തമാക്കിയത്. ഓൺലൈൻ മത്സരമായാണ് മെമ്മറി ലീഗ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്. ഇതിൽ ചാമ്പ്യനായ 20-കാരൻ വിശ്വരാജകുമാർ പുതുച്ചേരിയിലുള്ള മനകുള വിനയനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥിയാണ്.
80 സംഖ്യകൾ 13.50 സെക്കൻഡ് സമയത്തിനുള്ളിൽ ഓർത്തുപറഞ്ഞതോടെയാണ് വിശ്വ രാജകുമാർ ചാമ്പ്യനായത്. 5,000 സ്കോർ നേടി ഒന്നാമതെത്തുകയായിരുന്നു. സംഖ്യകൾ ഓർത്തുപറഞ്ഞത് കൂടാതെ ചിത്രങ്ങളും ഹൃദിസ്ഥമാക്കി 8.40 സെക്കൻഡിൽ യുവാവ് അവതരിപ്പിച്ചിരുന്നു.
സ്ക്രീനിൽ 80 സംഖ്യകൾ കാണിച്ചു, ഈ അക്കങ്ങൾ കഴിയുന്നത്ര വേഗം മനസിൽ സൂക്ഷിക്കണം. ശേഷം ബട്ടൺ അമർത്തി ഈ 80 സംഖ്യകളും പേപ്പറിൽ എഴുതണം. സെക്കൻഡിൽ ആറ് ഡിജിറ്റുകൾ എന്ന നിലയിൽ 80 സംഖ്യകളും എഴുതിയാണ് വിജയം കൊയ്തതെന്ന് വിശ്വരാജകുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ശരീരത്തിൽ ജലാംശമുണ്ടായിരിക്കണമെന്നത് ഓർമ്മശക്തി നിലനിർത്താൻ ഏറ്റവും പ്രധാനപ്പെട്ടതാണ്. നിർജലീകരണം സംഭവിക്കാതെ നോക്കുകയാണ് വേണ്ടത്. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം സാവധാനമാകുമെന്നും വിശ്വരാജകുമാർ പറയുന്നു.















