കണ്ണൂരിൽ വയോധികയെ തള്ളിയിട്ട് മാല കവർന്ന കള്ളനെ മണിക്കൂറുകൾക്കകം ടൗൺ പൊലീസ് പിടികൂടി. നാറാത്ത് സ്വദേശിയും സെക്യൂരിറ്റി ജീവനക്കാരനുമായ ഇബ്രാഹിം (41) ആണ് പിടിയിലായത്. പന്നേൻ ഹൗസിലെ കാർത്ത്യായനിയുടെ മാലയാണ് പ്രതി പൊട്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സ്വർണനിറമുള്ള മാല ധരിച്ച് കാർത്യായനി പോകുന്നത് കണ്ടപ്പോൾ കഴുത്തിലുള്ളത് സ്വർണമാലയാകുമെന്ന് കരുതി ആക്രമിക്കുകയായിരുന്നു ഇബ്രാഹിം. വയോധികയെ തള്ളിയിട്ട് മാല കവർന്ന് സ്കൂട്ടറിൽ രക്ഷപ്പെടുകയും ചെയ്തു. സ്വർണമാല അല്ലാതിരുന്നതിനാൽ വയോധികയ്‌ക്ക് ധനനഷ്ടമുണ്ടായില്ലെങ്കിലും ഇബ്രാഹിമിന്റെ ആക്രമണം കാർത്യായനിയെ ശാരീരികവും മാനസികവുമായി ബാധിച്ചിരുന്നു. വഴി ചോദിച്ചുവന്ന വഴിപോക്കന് ഉത്തരം നൽകുന്നതിനിടെയായിരുന്നു ആക്രമണം. സെക്യൂരിറ്റി ജോലി ചെയ്യുന്നയാൾ തന്നെയാണ് മാല കവരാൻ ആക്രമിച്ചതെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
സ്വർണവില 64,000 കവിഞ്ഞ സാഹചര്യത്തിൽ സ്വർണാഭരണങ്ങൾ ധരിച്ച് പുറത്തുപോകുന്നതും പൊതുയിടങ്ങളിലൂടെ സഞ്ചരിക്കുന്നതും കൂടുതൽ വെല്ലുവിളി ഉയർത്തുകയാണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് നിർദേശം















