പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ജാമ്യം തേടി കോടതിയിൽ അപേക്ഷ നൽകി. ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ഹർജി അടുത്ത ദിവസം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. അഡ്വ. ജേക്കബ് മാത്യുവാണ് ചെന്താമരയുടെ അഭിഭാഷകൻ.
നെന്മാറയിൽ മൂന്ന് അരുംകൊലകൾ ചെയ്ത കേസിലെ പ്രതിയാണ് ചെന്താമര. ആദ്യ കൊലയ്‌ക്ക് ശേഷം തടവിൽ കഴിയുന്നതിനിടെ ജാമ്യം നേടി പുറത്തിറങ്ങിയപ്പോഴായിരുന്നു ഇരട്ടക്കൊലപാതകം. എന്നാൽ കേസിൽ ദൃക്സാക്ഷികളില്ലെന്നും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ചെന്താമര സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു. നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകണമെന്നാണ് പ്രതിയുടെ ആവശ്യം.
2019-ലായിരുന്നു ആദ്യ കൊലപാതകം നടന്നത്. പോത്തുണ്ടി സ്വദേശിയായ സജിതയെ വെട്ടിക്കൊല്ലുകയായിരുന്നു. ഈ കേസിൽ 2022ൽ ജാമ്യത്തിലിറങ്ങിയ ചെന്താമര സജിതയുടെ ഭർത്താവ് സുധാകരനേയും ഭർതൃമാതാവ് ലക്ഷ്മിയേയും കൊലപ്പെടുത്തിയെന്നാണ് കേസ്.















