തിരുവനന്തപുരം: കൊട്ടിഘോഷിച്ച് സർക്കാർ പ്രഖ്യാപിച്ച കാരവൻ ടൂറിസം കട്ടപ്പുറത്ത്. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്‌ക്ക് വൻ മുതൽക്കൂട്ടാകുമെന്ന് അവകാശവാദത്തോടെ 2021 ലാണ് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതി പ്രഖ്യാപിച്ചത്. വർഷം നാല് പിന്നിടുമ്പോഴും ഒറ്റപാർക്ക് പോലും യാഥാർത്ഥ്യമായില്ല. സർക്കാരിനെ വിശ്വസിച്ച് പണം നിക്ഷേപിച്ച സംരംഭകരാകട്ടെ കോടികളുടെ നഷ്ടത്തിലും ആത്മഹത്യയുടെ വക്കിലുമാണ്.
മുപ്പത്താറ് വര്ഷത്തിനിടക്ക് കേരളത്തിന് പുതിയൊരു ടൂറിസം പ്രൊഡക്ട് എന്ന് വിശേഷിപ്പിച്ചാണ് മന്ത്രി മുഹമ്മദ് റിയാസ് കാരവൻ പാർക്കുകൾ പ്രഖ്യാപിച്ചത്.
വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കാരവൻപാർക്ക് ഒരുക്കി വിനോദസഞ്ചാരികളുമായെത്തുന്ന ‘സഞ്ചരിക്കുന്ന വീടിന്’ സുരക്ഷയൊരുക്കുന്നതായിരുന്നു പദ്ധതി. ആദ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള പാർക്ക് ബേക്കലിലും മറ്റൊന്ന് പൊന്മുടിയിലും വരുമെന്നാണ് മന്ത്രി അന്ന് പറഞ്ഞത്.
പദ്ധതിയുടെ പരസ്യത്തിന് ആദ്യഘട്ടം മാത്രം 90 ലക്ഷം രൂപയാണ് സർക്കാർ ചെലവഴിച്ചത്. രണ്ടാം ഘട്ടം 1.09 കോടി രൂപയും ചെലവാക്കി. പിന്നാലെ ഉദ്ഘാടനങ്ങൾ നടന്നു. ഇതോടെ ടൂറിസം മേഖലയിൽ മുമ്പെങ്ങുമില്ലാത്ത എന്തോ നടക്കാൻ പോകുന്നു എന്ന തോന്നലുണ്ടാക്കി. എന്നാൽ ഒന്നും നടന്നില്ലെന്ന് നിക്ഷേപകർ പറയുന്നു.
കോടികൾ പൊടിച്ച് കൊണ്ടുള്ള ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വീണ്ടും കൊച്ചിയിൽ അരങ്ങേറുകയാണ്. ഇത്തരം ഒരു സന്ദർഭത്തിലാണ് കാരവാൻ സംരംഭകരുടെ കണ്ണീരിന്റെ പ്രസക്തി വർദ്ധിക്കുന്നത്.















