പൊതുവേദിയിൽ മഹാകുംഭമേളയെ അധിക്ഷേപിച്ച കേരള ഫുട്ബോൾ താരം സി. കെ വിനീതിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കുംഭമേള വെറും ആൾക്കൂട്ടം മാത്രമാണെന്നും ചൊറിച്ചിൽ വരുത്താൻ താത്പര്യമില്ലാത്തതിനാൽ കുംഭമേള സന്ദർശിച്ചപ്പോൾ കുളിക്കാനിറങ്ങിയില്ലെന്നായിരുന്നു വിനീതിന്റെ പരാമർശം. മാതൃഭൂമി അക്ഷരോത്സവത്തില്ലായിരുന്നു രാഷ്‌ട്രീയ ലക്ഷ്യം വെച്ചുകൊണ്ടുള്ള വാക്കുകൾ.
ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്
കുംഭമേള വലിയ സംഭവം ആണെന്നു ഇൻസ്റ്റാഗ്രാമിൽ പറഞ്ഞ ഒരു മുൻ ഫുട്ബോളർ ദാ ഒരു പരസ്യവേദിയിൽ വന്നിരുന്നു പറയുന്നു, കുംഭമേള ഒരു വലിയ സംഭവം ഒന്നുമല്ല, വെറും ആൾക്കൂട്ടം മാത്രമാണെന്ന്. വിശ്വാസം ഉള്ളവർക്ക് അവിടെ പോയി, വേണമെങ്കിൽ അമൃതസ്നാനം ചെയ്യാവുന്നതാണത്രേ. അല്ലാതെ വേറൊന്നും അവിടെ ചെയ്യാനില്ലെന്ന്.
സ്നാനത്തിന് അല്ലാതെ കുംഭമേള പിന്നെ എന്തിനുള്ളതാണ് ചേട്ടാ? വീഗാലാൻഡ് ആണെന്ന് കരുതിയാണോ ചേട്ടൻ അങ്ങോട്ട് വണ്ടി കയറിയത്? ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ തളത്തിൽ ദിനേശന്റെ ആരാണ് ചേട്ടാ അങ്ങ്?
ചേട്ടൻ ബാക്കി പറയുന്നതെല്ലാം രാഷ്‌ട്രീയമാണ്. കേന്ദ്രസർക്കാരിനെ കൊട്ടാൻ കിട്ടുന്ന അവസരമൊന്നും ചേട്ടൻ കളയാറില്ല. ഗംഗയിൽ മുങ്ങി ചൊറി പിടിക്കേണ്ട എന്ന് കരുതി ചേട്ടൻ അവിടെ മുങ്ങിയില്ലത്രേ. എന്തായാലും കേന്ദ്രസർക്കാർ ജോലി ഉണ്ടായിട്ടും അതിന് കൃത്യമായി പോകാതെ മുങ്ങിനടന്നതിന്റെ പേരിൽ സർവീസിൽ നിന്ന് പിരിച്ചു വിടപ്പെട്ടതിന്റെ “ചൊറി” ചേട്ടന് ഇതുവരെയും മാറിയിട്ടില്ല.
അഭയം കൊടുത്ത കെ-ഭൂതനെ പാടിപ്പുകഴ്‌ത്താൻ ചേട്ടന് മടിയും ഇല്ല. എന്തായാലും ഭൂതന്റെ വീടിന്റെ തൊട്ടടുത്തുള്ള ആമയിഴഞ്ചാൻ തോടിനെ കുറിച്ച് ചേട്ടൻ ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. ചേട്ടൻ പറഞ്ഞ മാതിരി വെള്ളത്തിൽ മുങ്ങി ചൊറി പിടിക്കുകയല്ല, ജീവൻ നഷ്ടപ്പെട്ട മലയാളി ഉണ്ട് ചേട്ടാ ഇവിടെ. പേര് ജോയി.
കേരളാ, സാർ… 100% ലിറ്ററസി, സാർ!















