തിരുവനന്തപുരം: ഗുരുശിഷ്യപാരസ്പര്യത്തിന്റെ ധന്യസ്മരണകൾ ഉണർത്തി നാളെ (ശനിയാഴ്ച) ശാന്തിഗിരി ആശ്രമത്തിൽ പൂജിതപീഠം സമർപ്പണാഘോഷം നടക്കും. ശനിയാഴ്ച രാവിലെ 5 ന് താമരപർണ്ണശാലയിൽ പ്രത്യേക പുഷ്പാഞ്ജലി. 6 ന് ആരാധന. തുടർന്ന് ധ്വജം ഉയർത്തൽ. 7 മുതൽ പുഷ്പസമർപ്പണം. 9 ന് ആരാധന. രാവിലെ 9 ന് നടക്കുന്ന പൊതുസമ്മേളനം മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി , മലങ്കര സുറിയാനി കത്തോലിക്ക സഭ മേജർ അതിഭദ്രാസനം സഹായമെത്രാൻ ഡോ. മാത്യൂസ് മാർ പോളികാർപ്പസ് എപ്പിസ്കോപ്പ, ചെമ്പഴന്തി ഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ, പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവി, ആക്ട്സ് പ്രസിഡന്റ് ഡോ. ബിഷപ്പ് ഉമ്മൻ ജോർജ് എന്നിവർ മഹനീയ സാന്നിദ്ധ്യമാകും. എം.എൽ.എ മാരായ കടകംപള്ളി സുരേന്ദ്രൻ, അഡ്വ. എം. വിൻസെന്റ്, സംസ്ഥാന സഹകരണ യൂണിയൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ, ഭാരതീയ ജനതാപാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സി. ശിവൻകുട്ടി, മുൻ എം.പി. പീതാംബരക്കുറുപ്പ്, മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി, ഭാരതീയ ജനതാ പാർട്ടി തിരുവനന്തപുരം നോർത്ത് പ്രസിഡന്റ് എസ്.ആർ. രജികുമാർ തുടങ്ങിയവർ സംബന്ധിക്കും. 11 ന് ഗുരുദർശനവും വിവിധ സമർപ്പണങ്ങളും. 12 ന് ആരാധനയും ഗുരുപൂജയും. ഉച്ചയ്‌ക്ക് അന്നദാനം.
ഉച്ചയ്‌ക്ക് 2.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുൻകേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ് , ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി എന്നിവർ മഹനീയ സാന്നിദ്ധ്യമാകും. രാഷ്‌ട്രീയ സാമൂഹിക സാംസ്കാരിക ആത്മീയ മണ്ഡലങ്ങളിലെ പ്രമുഖർ സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കും
4 ന് ആശ്രമസമുച്ചയത്തിൽ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽ നിന്നും കുംഭഘോഷയാത്ര ആരംഭിക്കും. മുത്തുക്കുട, വാദ്യഘോഷങ്ങൾ, ദീപങ്ങൾ എന്നിവയുടെ അകമ്പടിയാകും. കർമ്മദോഷങ്ങളും മാറാവ്യാധികളും മാറി കുടുംബത്തിൽ ക്ഷേമ ഐശ്വര്യങ്ങൾ നിറയുക എന്ന സങ്കല്പത്തിലാണ് വിശ്വാസികൾ കുംഭം എടുക്കുന്നത്. ആശ്രമസമുച്ചയം പ്രദക്ഷിണം വെച്ച് കുംഭങ്ങളും ദീപങ്ങളും ഗുരുപാദത്തിൽ സമർപ്പിക്കുന്നതോടെ കുംഭമേള സമാപിക്കും .
‘എക്കാലവും ശാന്തിഗിരി പരമ്പരയെ നയിക്കാൻ ജ്ഞാനിയായ ഒരു ഗുരുസ്ഥാനം ഉണ്ടായിരിക്കും‘ എന്ന ഗുരുവാക്കിനെ അന്വർത്ഥമാക്കി ശിഷ്യയായ അമൃത ജ്ഞാന തപസ്വിനി ആത്മീയ അവസ്ഥകൾ കടന്ന് ഗുരുവിന്റെ ശിഷ്യപൂജിതയായ പുണ്യദിനമാണ് പൂജിതപീഠം സമർപ്പണം . എല്ലാവർഷവും ഫെബ്രുവരി 22 ന് വ്രതാനുഷ്ഠാനങ്ങളോടെയും പ്രാർത്ഥനാസങ്കൽപ്പങ്ങളോടെയും ഈ ദിനം പൂജിതപീഠം സമർപ്പണദിനമായി ആഘോഷിക്കുന്നത്.















