ന്യൂഡൽഹി: കൈലാസ്- മാനസരോവർ യാത്ര പുനരാംരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഊർജ്ജിതമാക്കി കേന്ദ്രസർക്കാർ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ചയിൽ കൈലാസ്- മാനസരോവർ യാത്ര പ്രധാന വിഷയമായി. ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി 20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെയായിരുന്നു ഉഭയകക്ഷി ചർച്ച നടന്നത്. ഇരു രാജ്യങ്ങൾക്കും ഇടയിൽ നേരിട്ട് വിമാന സർവീസ്, അതിർത്തിയിലെ ശാന്തിയും സാമാധനവും നിലനിർത്തൽ എന്നിവയും ചർച്ച വിഷയമായി.
ഇരു രാജ്യങ്ങളിലെ വിദേശകാര്യ സെക്രട്ടറിമാർ തമ്മിൽ കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്ചയിൽ കൈലാസ്- മാനസരോവർ യാത്ര പുനരാരംഭിക്കുന്നത് സംബന്ധിച്ച് ധാരണയായിരുന്നു. 2025 ലെ വേനൽക്കാലത്ത് യാത്ര പുനരാരംഭിക്കുമെന്നാണ് സൂചന.
ടിബറ്റിലെ കൈലാസ പർവതവും മാനസരോവർ തടാകവും സന്ദർശിക്കുന്ന യാത്ര കോവിഡിന് ശേഷമാണ് നിർത്തിവെച്ചത്.















