മുംബൈ: ഛത്രപതി സംഭാജി മഹാരാജിനെതിരെയുള്ള ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്യാതിരുന്ന നാല് വിക്കീപീഡിയ എഡിറ്റർമാർക്കെതിരെ കേസെടുത്തു.
ഇതുമായി ബന്ധപ്പെട്ട് പത്തിലധികം ഇമെയിലുകളും നോട്ടീസുകളും അയച്ചിട്ടും ഉള്ളടക്കം നീക്കം ചെയ്യാൻ ഇവർ തയ്യാറായില്ല. ഇതിനെ തുടർന്നാണ് നിയമ നടപടിയിലേക്ക് കടന്നത്.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നേരിട്ട് വിഷയത്തിൽ ഇടപെട്ട് പൊലീനോട് നടപടി ആവശ്യപ്പെടുകയായിരുന്നു . 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ 69, 79 വകുപ്പുകൾ പ്രകാരമാണ് കേസ് ഫയൽ ചെയ്തതെന്ന് വൃത്തങ്ങൾ അറിയിച്ചു. സൗജന്യ ഓൺലൈൻ വിജ്ഞാനകോശമായ വിക്കീപീഡിയയുടെ ആസ്ഥാനം കാലിഫോർണിയയാണ്.
സംഭാജി മഹാരാജിന്റെ കഥ പറയുന്ന ബോളിവുഡ് ചിത്രം ‘ഛാവ’ പുറത്തിറങ്ങിയതിന് ശേഷം വിവിധ സംഘടനകൾ വിക്കീപീഡിയയിലെ വളച്ചൊടിക്കൽ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു. ഫെബ്രുവരി 14 നാണ് ചിത്രം റിലീസ് ചെയ്തത്. മറാത്ത സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവാജി മഹാരാജിന്റെ മകനാണ് ഛത്രപതി സംഭാജി.















