മുംബൈ: ഹൈന്ദവ ആഘോഷമായ ഹോളിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ ബോളിവുഡ് ചലച്ചിത്ര സംവിധായികയും ഡാൻസ് കൊറിയോഗ്രാഫറുമായ ഫറാ ഖാനെതിരെ ക്രിമിനൽ കേസ്. ഹിന്ദുസ്ഥാനി ഭാവു എന്നറിയപ്പെടുന്ന യൂട്യൂബർ വികാഷ് ഫടക് ആണ് പരാതിക്കാരൻ. വികാഷ് തന്റെ അഭിഭാഷകൻ അലി കാഷിഫ് ഖാൻ ദേശ്മുഖ് മുഖേനയാണ് പരാതി നൽകിയിരിക്കുന്നത്. ഫെബ്രുവരി 20 ന് സെലിബ്രിറ്റി മാസ്റ്റർഷെഫ് എന്ന ടെലിവിഷൻ ഷോയുടെ എപ്പിസോഡിനിടെ ഫറ നടത്തിയ പ്രസ്താവനകളാണ് വിവാദമായി മാറിയത്.
ഫറയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖാർ പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തത്. ഫറ ഹോളിയെ “ഛപ്രികളുടെ ഉത്സവം” എന്ന് വിശേഷിപ്പിച്ചതായും അത് വ്യാപകമായി അധിക്ഷേപകരമായി കരുതപ്പെടുന്ന ഒരു പദമാണെന്നും വികാഷ് പരാതിയിൽ ആരോപിച്ചു. ഫറാ ഖാന്റെ പരാമർശം അദ്ദേഹത്തിന്റെയും വിശാലമായ ഹിന്ദു സമൂഹത്തിന്റെയും മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
ഉത്തരേന്ത്യയിൽ “ഛപ്രി”എന്ന പദം ഒരു ജാതീയ അധിക്ഷേപമായി കണക്കാക്കപ്പെടുന്നു. “എല്ലാ ഛപ്രി ജനങ്ങളുടെയും പ്രിയപ്പെട്ട ഉത്സവമാണ് ഹോളി” എന്നാണ് സെലിബ്രിറ്റി മാസ്റ്റർഷെഫിലെ ജഡ്ജിയായ ഫറാ ഖാൻ പരിപാടിക്കിടെ പറഞ്ഞത്. ഇത് സമൂഹ മാദ്ധ്യമങ്ങളിൽ വളരെപ്പെട്ടന്ന് ചർച്ചയാവുകയും വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 196, 299, 302, 353 എന്നീ വകുപ്പുകൾ പ്രകാരമാണ് ഫറാ ഖാനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്.