തൃശൂര്‍: തൃശൂരില്‍ രണ്ടിടങ്ങളിലായി രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തൃശൂര്‍ കണ്ടശാംകടവില്‍ ജിത്തിന്റെ മകന്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി അലോക്, മാള എരവത്തൂർ വിദ്യ- അരുൺ ദാസ് ദമ്പതികളുടെ മകൾ ആറാം ക്ലാസ് വിദ്യാര്‍ഥിനി അവന്തിക എന്നിവരാണ് മരിച്ചത്.
ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേ നടയിൽ താമസിക്കുന്ന പണ്ടാര വീട്ടിൽ ജിത്തിന്റെ മകൻ അലോക് (12) മാങ്ങാട്ടുകര എ.യു.പി.സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയാണ്. ശനിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിക്കകത്തെ കുളിമുറിയിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.
എരവത്തൂരിൽ സംഭവ സമയത്ത് ഇളയ സഹോദരിയും അവന്തികയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സഹോദരി മുറിയുടെ വാതില്‍ തുറന്നപ്പോൾ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു.വീടിനടുത്ത് താമസിക്കുന്ന അച്ഛന്റെ അമ്മയെ വിളിച്ച് വരുത്തി ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.















