വയനാട്: യുകെയിൽ ഫാമിലി വിസ വാഗ്ദാനം ചെയ്ത് 45 ലക്ഷം തട്ടിയ കേസിൽ പ്രതികരണവുമായി ഒന്നാം പ്രതിയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ അന്ന ഗ്രേസ് ഓസ്റ്റിൻ. കേസിൽ അറസ്റ്റിലായ ഭർത്താവ് ജോൺസൺ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് അന്ന വീഡിയോയുമായി എത്തിയത്.
വർക്ക് വിസ എന്താണ് സ്റ്റുഡൻ്റ് വിസ എന്താണെന്ന് അറിയാത്ത ആളാണ് തന്റെ ഭർത്താവ്. ഭർത്താവിന് തന്റെ ബിസിനസുമായി യാതൊരു ബന്ധവുമില്ല. യൂണിവേഴ്‌സിറ്റിക്ക് നേരിട്ടാണ് ഫീസ് അടക്കുന്നത്. യൂണിവേഴ്‌സിറ്റി നൽകുന്ന കമ്മീഷൻ മാത്രമാണ് ഞങ്ങളുടെ കൈകളിലേക്ക് എത്തുന്നത്. പോലീസ് കസ്റ്റഡിലെടുക്കുക മാത്രമാണ് ചെയ്തതെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്ന പറയുന്നു.
കെട്ട്യോൻ ഉണ്ട തിന്നിരിക്കുമ്പോഴാണോ നിങ്ങൾ വീഡിയോ ഇടുന്നത് എന്നുൾപ്പടെയുള്ള കമന്റ്കൾ വന്നു. എന്നാൽ കെട്ട്യോൻ ഉണ്ട തിന്ന് ഇരിക്കുകയല്ലെന്നും തന്റെ കൂടെ തന്നെ ഉണ്ടെന്നും പറഞ്ഞാണ് ഇവർ വീഡിയോ പങ്കുവെച്ചത്. ജയിലിൽ പോയി ഉണ്ട തിന്നേണ്ടി വന്നാൽ താൻ അതിന് തയ്യാറാണെന്നും ഭർത്താവ് അറസ്റ്റിലായതിന് ശേഷമുള്ള ആദ്യ വീഡിയോയിൽ അവർ പറഞ്ഞിരുന്നു.
തിരുവനന്തപുരം സ്വദേശിനി നൽകിയ പരാതിയിലാണ് അന്നയേയും ഭർത്താവിനെയും പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. 2023 ഓഗസ്റ്റ് മുതൽ 2024 മേയ് വരെയുള്ള കാലയളവിൽ 44,71,675 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. ഓട്ടിസം ബാധിച്ച കുട്ടിക്ക് യു.കെ.യിൽ മികച്ച ചികിത്സാസൗകര്യം ഒരുക്കിനൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. ഇതിന് പുറമേ കല്പറ്റ കൂടാതെ കളമശ്ശേരി, കൂരാച്ചുണ്ട് സ്റ്റേഷനുകളിലും ഇവരുടെ പേരിൽ കേസുണ്ട്















