കൊല്ലം: കുണ്ടറയിൽ നടന്നത് ട്രെയിൻ അട്ടിമറി ശ്രമം തന്നെയെന്ന് എഫ്ഐആർ. ട്രെയിൻ അട്ടിമറിച്ച് ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ ടെലിഫോൺ പോസ്റ്റ് ട്രാക്കിൽ വെച്ചതെന്ന് എഫ്ഐആറിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പെരുംപുഴ സ്വദേശി അരുൺ, കുണ്ടറ സ്വദേശി രാജേഷ് എന്നിവരെ ഇന്നലെ വൈകുന്നേരമാണ് കസ്റ്റഡിയിലായത്. ഇവർക്കെതിരെ ബിഎൻഎസ്, റെയിൽവേ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്.
പ്രതികളെ ഇന്ന് മൂന്നുമണിയോടെ കോടതിയിൽ ഹാജരാക്കും.
ഇന്നലെ പുലർച്ചെ 2 മണിയോടെ ആറുമുറിക്കട പഴയ ഫയർസ്‍റ്റേഷന് സമീപത്തുള്ള റെയിൽവേ ട്രാക്കിന് കുറുകെയാണ് ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളായ യുവാക്കൾ ഗേറ്റ് കീപ്പറെ വിവരം അറിയിക്കുകയായിരുന്നു. ഏഴുകോൺ പൊലീസ് സ്ഥലത്തെത്തി പോസ്റ്റ് നീക്കം ചെയ്ത് പരിശോധനയും നടത്തി മടങ്ങി. എന്നാൽ പുലർച്ചെ ആർപിഎഫ് നടത്തിയ പരിശോധനയിൽ വീണ്ടും ട്രാക്കിൽ പോസ്റ്റ് കണ്ടെത്തി. രണ്ടാമത് പോസ്റ്റ് കണ്ടെത്തിയത് പാലരുവി എക്സ്പ്രസ് കടന്നുപോകുന്നതിന് തൊട്ട് മുൻപായിരുന്നു. തലനാരിഴയ്‌ക്കാണ് വൻ ദുരന്തം ഒഴിവായത്.
പിന്നാലെ പുനലൂർ റെയിൽവേ പൊലീസ്, റെയിൽവേ ഇന്റലിജൻസ് വിഭാഗം, മധുരൈ റെയിൽവേ ക്രൈം ബ്രാഞ്ച് എന്നിവർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെരുമ്പുഴയിൽ നിന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. രണ്ടുദിവസം മുമ്പും
പ്രതികൾ സ്ഥലത്ത് തമ്പടിച്ചിരുന്നുവെന്നും നെറ്റ് പട്രോളിംഗിനിടെ പൊലീസ് ഇവരെ കണ്ടിരുന്നുവെന്ന വിവരവും പുറത്ത് വന്നിരുന്നു. സൈബർ സെലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുറ്റകൃത്യം നടന്ന സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തമായിരുന്നു.















