ന്യൂഡൽഹി: നിർമിത ബുദ്ധിയിൽ രാജ്യം കൈവരിച്ച നേട്ടം അക്കമിട്ട് നിരത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിന്‍റെ 119-ാം അധ്യായത്തിലാണ് ആധുനിക സാങ്കേതികവിദ്യയെ കുറിച്ച് വാചാലനായത്.
ബഹിരാകാശ വിക്ഷേപണത്തിലെ സെഞ്ച്വറി നേട്ടത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി മന്‍ കി ബാത്ത് ആരംഭിച്ചത്. ഐഎസ്ആർഒ നൂറാമത്തെ റോക്കറ്റ്, സ്പേസ് ടെക്നോളജിയിൽ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്‍റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പുത്തൻ സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിൽ രാജ്യം ഒരാളുടെയും പിന്നിലല്ല. എഐയില്‍ രാജ്യം അതിവേഗമാണ് ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കിയത്. ബഹിരാകാശ മേഖലയിലും എഐയിലും യുവാക്കളുടെ പങ്കാളിത്തം വർദ്ധിക്കുന്നതിലൂടെ ഒരു പുതിയ വിപ്ലവത്തിനാണ് ആരംഭം കുറിക്കുന്നതെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം എഐ ഉച്ചകോടിയിൽ പങ്കെടുത്ത നിമിഷങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചു. ഈ നൂറ്റാണ്ടിൽ എഐയാണ് മനുഷ്യരാശിയുടെ ഭാവി നിർണയിക്കുന്നത്. ആരോഗ്യം, കൃഷി, ജീവിതം എന്നിവയിൽ എഐ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ പരിവർത്തനം ചെയ്യാൻ കഴിയും. തെലങ്കാനയിലെ ഒരു സർക്കാർ സ്‌കൂൾ അദ്ധ്യാപകൻ ഗോത്ര ഭാഷകൾ സംരക്ഷിക്കുന്നതിന് നിർമിതബുദ്ധി പ്രയോജനപ്പെടുത്തുന്ന കാര്യം ഉദാഹരണമാക്കിയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. രാഷ്‌ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം, ശാരീരിക ക്ഷമത, അമിതവണ്ണം നിയന്ത്രിക്കൽ തുടങ്ങിയ വിഷയങ്ങളും മൻ കി ബാത്തിന്‍റെ ഭാഗമായി.















