തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിലൂടെയാണ് കെഎസ്ആർടിസി കടന്നുപോകുന്നതെന്ന് റിപ്പോർട്ട്. കഴിഞ്ഞ പത്ത് വർഷത്തെ കണക്കെടുക്കുമ്പോൾ 2010 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ വരവിലേറെ ചെലവാണ് കെഎസ്ആർടിസി എന്ന പൊതുമേഖലാ സ്ഥാപനം നേരിട്ടത്.
2021ൽ 624.31 കോടി രൂപ വരവ് ഇനത്തിൽ കിട്ടിയപ്പോൾ ചെലവ് 2,743 കോടി രൂപയായിരുന്നു. അതായത് അഞ്ച് ഇരട്ടി. സിഎജി ഓഡിറ്റ് അനുസരിച്ചുള്ള കണക്കുകളാണ് സർക്കാർ രേഖയായി പുറത്തുവന്നത്.
2024-25 സാമ്പത്തിക വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ വരുമാനം വീണ്ടും കുത്തനെ ഇടിയുന്നുവെന്ന് കാണാം. മൊത്ത ചെലവ് 3,236.89 കോടിയും വരുമാനം 779 കോടിയുമാണ്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാനായി തുച്ഛമായ തുക മാത്രമാണ് ചെലവാകുന്നതെന്നിരിക്കെ മറ്റ് ചിലവുകളാണ് കൂടുതലും. പുതിയ ബസ് വാങ്ങുന്നതിനോ ജീവനക്കാരുടെ ക്ഷേമത്തിനോ അധിക തുക ചെലവാക്കുന്നതായി കണക്കുകളില്ല. എന്നാൽ മറ്റ് ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള അധിക ചെലവുകൾ കാണാം.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കെഎസ്ആർടിസി ഒരു ഘട്ടത്തിൽ പോലും ലാഭത്തിലേക്ക് പോയിട്ടില്ല. ഉത്സവ സീസണിൽ മാത്രം കളക്ഷൻ ഇനത്തിൽ വരുമാനം ഉണ്ടാകുന്നുണ്ടെങ്കിലും അതും ചെലവുകളിൽ ഞെരിഞ്ഞമർന്ന് കിടക്കുകയാണ്. കെഎസ്ആർടിസി എന്ന പൊതുമേഖല സ്ഥാപനം ലാഭത്തിലേക്ക് കൊണ്ടുവരാൻ സർക്കാർ അഹോരാത്രം പ്രവർത്തിക്കുന്നുവെന്ന് പറയുമ്പോഴും സ്ഥാപനത്തിന്റെ വളർച്ച പിന്നോട്ടാണെന്ന് സിഎജി റിപ്പോർട്ട് സൂചിപ്പിക്കുന്നു.