ദുബായ്: ചാമ്പ്യൻസ് ട്രോഫിയിൽ ക്രിക്കറ്റ് പ്രേമികൾ ഏറെ കാത്തിരുന്ന ഇന്ത്യ-പാക് പോരാട്ടത്തിൽ ടോസ് നേടിയ പാകിസ്താൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയെ ബൗളിങ്ങിനയക്കാനുള്ള തീരുമാനം ക്യാപ്റ്റൻ രോഹിത് ശർമ്മ സ്വാഗതം ചെയ്തു. ബാറ്റിംഗിനായാലും ബൗളിങ്ങിനായാലും ടീം പൂർണ സജ്ജമാണെന്ന് ടോസിനുശേഷം പ്രതികരിക്കവേ രോഹിത് പറഞ്ഞു. പിച്ച് ബൗളിങ്ങിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു.
പ്ലെയിങ് ഇലവനിൽ ഒരുമാറ്റവുമായാണ് പാക് ടീം ഇറങ്ങുന്നത്. പരിക്കേറ്റ ഫഖർ സമാണ് പകരം ഇമാം-ഉൽ-ഹഖിനെ ടീമിൽ ഉൾപ്പെടുത്തി. സ്വന്തം നാട്ടിൽ ന്യൂസിലൻഡിനോട് ആദ്യ മത്സരത്തിൽ തോറ്റതോടെ പാകിസ്താൻ നിരാശരാണ്. സെമിഫൈനലിലേക്ക് കടക്കണമെങ്കിൽ അവർക്ക് ഇന്ത്യക്കെതിരെ ജയിച്ചേ തീരു. സ്റ്റാർ ബാറ്റർ ഫഖർ സമാന്റെ അഭാവവും ബാബർ അസമിന്റെ ഫോമില്ലായ്മയും ടീമിന്റെ ബാറ്റിംഗ് നിരയെ വലയ്‌ക്കുന്നുണ്ട്. അതേസമയം ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകർത്ത ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച ശുഭ്മാൻ ഗില്ലും ഫോമിലെത്തിയ മുഹമ്മദ് ഷമിയും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ട്. പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായ പേസർ ജസ്പ്രീത് ബുംറ മത്സരം കാണാൻ വേദിയിലെത്തിയിട്ടുണ്ട്.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.
പാകിസ്താൻ പ്ലേയിംഗ് ഇലവന്‍: ഇമാം-ഉള്‍-ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), സല്‍മാന്‍ ആഗ, തയ്യബ് താഹിര്‍, ഖുഷ്‌ദില്‍ ഷാ, ഷഹീന‍് അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.















