കണ്ണൂർ: ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. വനവാസി ദമ്പതിമാരെ കാട്ടാന ചവിട്ടിക്കൊന്നു. കശുവണ്ടി ശേഖരിക്കുന്നതിനിടയിൽ പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ജനവാസ മേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായതെന്നാണ് വിവരം. ആർആർടി സംഘം പ്രദേശത്തെത്തിയിട്ടുണ്ട്. ആന കൊല്ലപ്പെട്ട ദമ്പതിമാരുടെ മൃതദേഹത്തിനരികിൽ നിലയുറപ്പിച്ചിരിക്കുന്നതിനാൽ മൃതദേഹം പ്രദേശത്ത് നിന്നും മാറ്റാൻ സാധിച്ചിരുന്നില്ല.
ഒടുവിൽ ആനകൾ നീങ്ങിയ ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ആംബുലൻസ് എത്തിയെങ്കിലും പ്രദേശവാസികൾ തടഞ്ഞു. സ്ഥലത്തു സംഘർഷാവസ്ഥയാണ്. വനംവകുപ്പിനെതിരെ ജനങ്ങൾ കടുത്ത പ്രതിഷേധമുയർത്തി. കാട്ടാനയാക്രമണത്തിൽ വീണ്ടും മനുഷ്യജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ ആറളം പഞ്ചായത്തിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.















