ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് ഡൽഹി വിമാനത്താവളത്തിലേക്ക് തിരിച്ച അമേരിക്കൻ എയർലൈൻസ് വിമാനം റോമിലേക്ക് വഴിതിരിച്ചുവിട്ടു. സുരക്ഷാ ഭീഷണിയെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്. അമേരിക്കൻ എയർലൈൻസിന്റെ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനത്തിനെതിരെയാണ് സുരക്ഷാ ഭീഷണിയുണ്ടായത്. സുരക്ഷാ പ്രശ്നങ്ങൾ കാരണം വഴിതിരിച്ചുവിടുന്നുവെന്ന് മാത്രമാണ് എയർലൈൻസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞത്.
ഫെബ്രുവരി 22-ന് ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനമാണ് തിരിച്ചുവിട്ടത്. ഇറ്റലിയുടെ യൂറോഫൈറ്റർ ജെറ്റുകളുടെ അകമ്പടിയോടെ വിമാനം റോം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.
199 യാത്രക്കാരും 15 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായ വഴിതിരിച്ചുവിടൽ കാരണം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുണ്ടെന്ന് അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
സുരക്ഷാ ആശങ്കകൾക്ക് പിന്നിലെ കാരണം എന്താണെന്ന് എയർലൈൻ വെളിപ്പെടുത്തിയിട്ടില്ല. വിമാനത്തിലുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് എയർലൈൻ അറിയിച്ചു. എന്നാൽ, ബോംബ് ഭീഷണിയെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.















