ശ്രീനഗർ: പൊണ്ണത്തടിക്കെതിരായ (obesity) പ്രധാനമന്ത്രിയുടെ ക്യാമ്പയിനിൽ പങ്കെടുക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പൊണ്ണത്തടിക്കെതിരെ ക്യാമ്പയിൻ പ്രഖ്യാപിച്ചിരുന്നു. ക്യാമ്പയിനിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നാമനിർദേശം ചെയ്ത രാജ്യത്തെ 10 പ്രമുഖരിൽ ഒരാളാണ് മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള.
ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം, ശ്വസന പ്രശ്നങ്ങൾ, ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്നങ്ങളും ജീവിതശൈലിയുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങൾക്കും പൊണ്ണത്തടി കാരണമാകുന്നുവെന്ന് ഒമർ അബ്ദുള്ള ഓർമിപ്പിച്ചു. അമിതവണ്ണത്തിനെതിരെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ക്യാമ്പയിനിൽ പങ്കുചേരാൻ 10 പേരെ താൻ നാമനിർദ്ദേശം ചെയ്യുകയാണെന്നും ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാൻ ഓരോ 10 പേരെ കൂടി നാമനിർദ്ദേശം ചെയ്യാൻ അവരോട് അഭ്യർത്ഥിക്കുകയാണെന്നും ഒമർ അബ്ദുള്ള പറഞ്ഞു.
ബയോകോൺ മാനേജിംഗ് ഡയറക്ടർ കിരൺ മജുംദാർ ഷാ, വ്യവസായി സജ്ജൻ ജിൻഡാൽ, നടി ദീപിക പദുക്കോൺ, മുൻ ടെന്നീസ് താരം സാനിയ മിർസ, മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ, എംപി സുപ്രിയ സുലെ, മുൻ വുഷു താരം കുൽദീപ് ഹണ്ടൂ എന്നിവരെയാണ് ഒമർ അബ്ദുള്ള നാമനിർദ്ദേശം ചെയ്തത്.
പൊണ്ണത്തടിക്കെതിരെ പോരാടുന്നതിന് ശക്തമായ പ്രചാരണം ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുജനങ്ങൾ തങ്ങളുടെ ഭക്ഷണക്രമത്തിൽ എണ്ണയുടെ ഉപയോഗം 10 ശതമാനം കുറയ്‌ക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. പ്രധാനമന്ത്രി നാമനിർദേശം ചെയ്ത പത്ത് പേരിൽ നടൻ മോഹൻലാൽ ഉൾപ്പടെയുള്ള പ്രമുഖരാണുള്ളത്. പ്രചാരണത്തിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ അടുത്ത പത്ത് പേരെ നാമനിർദേശം ചെയ്യുക എന്നതാണ് ക്യാമ്പയിന്റെ രീതി.
വ്യവസായി ആനന്ദ് മഹീന്ദ്ര, ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഒളിമ്പ്യൻ മനു ഭാക്കർ, കായിക താരം മീരാഭായ് ചാനു, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലക്കേനി, നടൻ ആർ. മാധവൻ, ഗായിക ശ്രേയാ ഘോഷാൽ, എംപി സുധാ മൂർത്തി എന്നിവരാണ് പ്രധാനമന്ത്രിയാൽ നാമനിർദേശം ചെയ്യപ്പെട്ട മറ്റുള്ളവർ.















