ഇസ്ലാമാബാദ്: ചാമ്പ്യൻസ് ട്രോഫിയിൽ വിദേശികളെ തട്ടിക്കൊണ്ടുപോകാൻ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിടുന്നതായി പാക് ഇന്റലിജൻസ് ബ്യുറോയുടെ മുന്നറിയിപ്പ്. ചൈനീസ്, അറബ് പൗരന്മാരെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രൊവിൻസ് (ISKP) ലക്ഷ്യമിടുന്നത്. ഇവരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടനാണ് പദ്ധതി. ഈ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ പതിവായി ഉപയോഗിക്കുന്ന തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഓഫീസുകൾ, താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഭീകരസംഘടന നിരീക്ഷണം നടത്തുന്നുണ്ടെന്നും പറയപ്പെടുന്നു.
ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം, നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലുള്ള സുരക്ഷിത വീടുകൾ വാടകയ്‌ക്കെടുക്കാൻ ഭീകരർ പദ്ധതിയിടുന്നു. ക്യാമറ നിരീക്ഷണമില്ലാത്തതും റിക്ഷയിലോ മോട്ടോർ സൈക്കിളിലോ മാത്രം പ്രവേശിക്കാൻ കഴിയുന്നതുമായ സ്ഥലങ്ങളാണിവ. തട്ടിക്കൊണ്ടുപോകുന്നവരെ ഈ വീടുകളിൽ പാർപ്പിക്കുകയാണ് ലക്ഷ്യം.
പ്രധാന അന്താരാഷ്‌ട്ര പരിപാടികൾക്ക് സുരക്ഷ ഒരുക്കാനുള്ള പാകിസ്താന്റെ കഴിവിനെക്കുറിച്ച് ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. വിദേശ പൗരന്മാർക്കെതിരായ ആക്രമണങ്ങളെ നിസാരമായി കാണുന്ന പാകിസ്താന്റെ മുൻകാല നിലപാടുകളും വിമർശനമേറ്റുവാങ്ങിയിരുന്നു. 2024-ൽ ഷാങ്‌ലയിൽ ചൈനീസ് എഞ്ചിനീയർമാർക്കെതിരായ ആക്രമണം, 2009-ൽ ലാഹോറിൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരായ ആക്രമണം തുടങ്ങിയ സംഭവങ്ങൾ പാകിസ്താന്റെ സുരക്ഷാ വീഴ്ച പുറത്തുകൊണ്ടുവന്നവയാണ്.