പക്ഷികളോട് പൊതുവെ വലിയ സ്നേഹമാണ് മനുഷ്യർക്ക്. ചിറകുവിരിച്ച് പറക്കുന്ന ഏതൊരു പക്ഷിയേയും കണ്ടാൽ ഇഷ്ടത്തോടെയും കൗതുകത്തോടെയുമാണ് നാം നോക്കുക. എന്നാൽ ചില പക്ഷികളെ ഭയത്തോടെ മാത്രമേ നോക്കാൻ കഴിയൂ, അവയിലൊന്നാണ് കാസോവറി (Cassowary). ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷിയെന്നാണ് കാസോവറിയെ വിശേഷിപ്പിക്കുന്നത്. ഭീതി ജനിപ്പിക്കുന്നുണ്ടെങ്കിലും ഇവയുടെ സൗന്ദര്യം അപാരമാണ്. മയിലിനെ അനുസ്മരിപ്പിക്കുന്ന തലഭാഗമാണ് ഈ പക്ഷിയുടെ ഭംഗി കൂട്ടുന്നത്. വലിപ്പവും ഭാരവും ഭയം ജനിപ്പിക്കുകയും ചെയ്യും.
മനുഷ്യരെ പോലെ ഉയരത്തിൽ വളരുന്നവയാണ് കാസോവറിയും. പക്ഷെ ഇവയുടെ ഭാരം മനുഷ്യർക്ക് സമാനമല്ല. ഏകദേശം 310 കിലോ വരെ തൂക്കം വരുമിതിന്. മാത്രവുമല്ല കാസോവറിയെ കണ്ടാൽ ദിനോസറുകളെ ഓർമവരുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇന്നത്തെ കാലത്ത് ‘ജീവിച്ചിരിക്കുന്ന ദിനോസറായി’ കാസോവറിയെ പലരും വിശേഷിപ്പിക്കാറുണ്ട്.
അത്ര സുലഭമായി ഇവയെ കാണാനും കിട്ടില്ല. വനപ്രദേശങ്ങളിൽ ശാന്തരായി വിഹരിക്കുന്നവരാണ് ഇക്കൂട്ടർ. മനുഷ്യരെ കണ്ടാൽ അപ്പോൾ തന്നെ ആക്രമിക്കാൻ മുതിരില്ലെന്നാണ് ഗവേഷകർ കാസോവറിയെക്കുറിച്ച് പറയുന്നത്. അപൂർവമായി മാത്രമേ മനുഷ്യരെ ആക്രമിക്കൂ. ഇവ പാമ്പുകളെ പോലെയാണ്. അങ്ങോട്ട് അതിക്രമം കാണിച്ചാൽ ഇങ്ങോട്ട് പണി തന്നിരിക്കും. ജീവന് ആപത്താണെന്ന പ്രതീതി ലഭിച്ചാൽ മുൻപിലുള്ള ശത്രുവിനെ ആക്രമിച്ചേക്കാമെന്ന് ചുരുക്കം.
പക്ഷിയാണെങ്കിലും ഇവയ്‌ക്ക് പറക്കാനാവില്ല, കാരണം ഈ ഭാരം തന്നെ. എന്നാൽ ഇവയുടെ കാലുകൾ ശക്തമാണെന്നതിനാൽ അതിവേഗം സഞ്ചരിക്കാനാകും. നല്ല നീന്തൽക്കാരുമാണ് ഇവ. വെള്ളത്തിലൂടെയും സുഖമായി സഞ്ചരിക്കും.
കാലിന്റെ ശക്തി ഉപയോഗിച്ച് ഉഗ്രൻ കരാട്ടെ പ്രയോഗങ്ങൾ ഇവ നടത്താറുണ്ട്. ശത്രുവിനെ തൊഴിക്കാനാണ് ഇവയ്‌ക്കിഷ്ടം. അതുകൊണ്ട് കാസോവറിയുടെ ‘കിക്ക്’ വളരെ പ്രസിദ്ധമാണ്. മൂർച്ചയുള്ള കൊക്ക് ഉപയോഗിച്ചും ആക്രമിക്കും. ഏത് ശത്രുവിനെയും കൊത്തിക്കീറി പറിച്ചെടുക്കും. ഏഴടി ഉയരത്തിൽ വരെ കുതിച്ചുകൊണ്ടാണ് ഇവ പാഞ്ഞടുക്കുക.















