അവിവാഹിതരായ ജീവനക്കാർക്കെതിരെ കർശന നയങ്ങൾ നടപ്പിലാക്കിയ ചൈനീസ് കമ്പനിക്കെതിരെ വിമർശനം ശക്തം. ഷാൻഡോങ് പ്രവിശ്യ ആസ്ഥാനമായുള്ള സ്ഥാപനമായ ഷാൻഡോങ് ഷുണ്ടിൻ കെമിക്കൽ ഗ്രൂപ്പ് കമ്പനിയാണ് ജീവനക്കാർക്ക് മുന്നിൽ പതിവില്ലാത്തൊരു ഉപാധി വച്ചത്. 2025 സെപ്റ്റംബറോടെ എല്ലാ അവിവാഹിതരും വിവാഹമോചിതരുമായ ജീവനക്കാർ വിവാഹിതരാകണം. അല്ലാത്തപക്ഷം ജോലി നഷ്ടമാകും. 1,200 ജീവനക്കാർക്കാണ് കമ്പനി അന്ത്യശാസനം നൽകിയത്.
കുടുംബജീവിതത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് കമ്പനി നയത്തെ ന്യായീകരിച്ചു.”28 നും 58 നും ഇടയിൽ പ്രായമുള്ള എല്ലാ അവിവാഹിതരായ ജീവനക്കാരും ഈ വർഷം സെപ്റ്റംബർ അവസാനത്തോടെ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കണം” എന്നാണ് കമ്പനി നൽകിയ നോട്ടീസിലെ പ്രസ്താവന. മാർച്ചിനുള്ളിൽ ഇത് പാലിക്കാത്തവർ സ്വയം വിമർശിച്ചുകൊണ്ടുള്ള കത്ത് സമർപ്പിക്കണം. ജൂൺ ആയിട്ടും അവിവാഹിതരായി തുടർന്നാൽ കമ്പനിയുടെ വിലയിരുത്തലിന് അവർ വിധേയരാകേണ്ടി വരും. സെപ്റ്റംബറോടെ ഇവരെ പിരിച്ചുവിടുകയും ചെയ്യും.
നിയമ വിദഗ്ധർ ഈ നയം ഭരണഘടനാ വിരുദ്ധമാണെന്ന് അപലപിച്ചു.ഫെബ്രുവരി 13-ന് പ്രാദേശിക മാനവ വിഭവശേഷി, സാമൂഹിക സുരക്ഷാ വകുപ്പ് പരിശോധന നടത്തി നടപടിയെടുത്തതോടെ ഒരു ദിവസത്തിനുള്ളിൽ കമ്പനി അവരുടെ നയം പിൻവലിക്കാൻ നിർബന്ധിതരായി. കഴിഞ്ഞ വർഷം ചൈനയിലെ വിവാഹങ്ങളുടെ എണ്ണം 6.1 ദശലക്ഷമായി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ 7.68 ദശലക്ഷത്തിൽ നിന്ന് 20.5 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.