കൊൽക്കത്ത: മൃതദേഹം സ്യൂട്ട്കേസിലാക്കി നദിയിൽ ഒഴുക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയും മകളും അറസ്റ്റിലായി. കൊൽക്കത്തയിലെ കുമാർതുലിയിലാണ് സംഭവം. നാട്ടുകാർക്ക് തോന്നിയ സംശയത്തിൽ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഫാൽഗുനി ഘോഷ്, ആരതി എന്നിവരാണ് അറസ്റ്റിലായത്.
നീല ട്രോളി ബാഗുമായി ഇരുവരും നദീതീരത്തേക്ക് വരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പെട്ടിയിൽ എന്താണെന്ന് ചോദിച്ചെങ്കിലും ഇവർ പറയാൻ കൂട്ടാക്കിയില്ല. പിന്നീട് വീട്ടിലെ നായയുടെ മൃതദേഹമാണെന്ന് ഇരുവരും പറഞ്ഞു. എന്നാൽ ബാഗ് തുറക്കണമെന്ന് നിർബന്ധിച്ചെങ്കിലും ഇവർ കൂട്ടാക്കിയില്ല. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആരതിയുടെ ഭർത്താവിന്റെ സഹോദരിയെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. സഹോദരി സുമിത ഫെബ്രുവരി 11 മുതൽ കൊൽക്കത്തയിലെ ആരതിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും സുമതിയെ ചുവരിലേക്ക് തള്ളിയിടുകയും ചെയ്തു.
ബോധം നഷ്ടപ്പെട്ട സുമതിയുടെ മുഖത്തും കഴുത്തിലും ഇഷ്ടിക കൊണ്ട് അടിച്ചു. പിന്നീട് മരണം ഉറപ്പാക്കിയ ഇരുവരും മൃതദേഹം ട്രോളി ബാഗിലേക്ക് മാറ്റുകയും നദിയിൽ ഒഴുക്കാൻ തീരുമാനിക്കുകയുമായിരുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊൽക്കത്ത മെഡിക്കൽ കോളേജിലേക്ക് മാറ്റി.