ആലപ്പുഴ: നാളെ സമരത്തിന് പോകരുത് എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ആലപ്പുഴയിലെ സിഐടിയു ആശാ ഗ്രൂപ്പിൽ ശബ്ദസന്ദേശം.
ആലപ്പുഴയിൽ ആശാവർക്കേഴ്സ് യൂണിയൻ അംഗങ്ങൾക്ക് നൽകിയ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. പങ്കെടുക്കാൻ പോകുന്നവർ യൂണിയനിൽ നിന്ന് രാജിവച്ചു സമരത്തിന് പോകണം എന്നും ശബ്ദ സന്ദേശത്തിലുണ്ട്.
സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്നത് മുഴുവൻ ആശമാരല്ല, തൊഴിലുറപ്പ് തൊഴിലാളികളും ഉണ്ടെന്ന് സന്ദേശത്തിൽ അധിക്ഷേപം ചൊരിയുന്നുണ്ട്.
എല്ലാം നേടി തന്നത് സിഐടിയു ആണെന്നും സന്ദേശം അവകാശപ്പെടുന്നു. സമരം ചെയ്ത് പറഞ്ഞ കാര്യങ്ങൾ നേടി സമരം അവസാനിപ്പിച്ച്
എത്തിയപ്പോഴാണ് ഇവർ സമരവുമായി വന്നത് എന്നും സന്ദേശത്തിൽ പറയുന്നു.
മാധ്യമങ്ങൾ ചോദിച്ചാൽ ഒന്നും പറയരുത് എന്ന് സന്ദേശത്തിൽ താക്കീത് ചെയ്യുന്നുണ്ട്. ആശമാരെ വിളിച്ചാൽ നേരമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറണം, സ്ഥലത്തില്ലെന്ന് പറഞ്ഞേക്കണമെന്നും നിർദേശം.
നാളെയാണ് ആലപ്പുഴയിൽ ആശാ വർക്കർമാരുടെ കലക്ടറേറ്റ് മാർച്ച് തീരുമാനിച്ചിരിക്കുന്നത്. അതിന്റെ മുന്നോടിയായിട്ടാണ് സി ഐ ടി യു ആശാ ഗ്രൂപ്പിൽ ഭീഷണി സന്ദേശം എത്തിയത്.
ആശാ വര്‍ക്കര്‍മാരുടെ സമരത്തെ അപഹസിച്ച് സിപിഎമ്മിന്റെ നേതാക്കള്‍ പലവുരു അപഹസിച്ചു കഴിഞ്ഞു. ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നില്‍ പെമ്പിളെ ഒരുമൈ പോലുള്ള അരാജക സംഘടനകളെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പറഞ്ഞിരുന്നു. തല്‍പ്പര കക്ഷികളുടെ കെണിയില്‍പ്പെട്ടവരാണ് സമരം നടത്തുന്നതെന്നും എളമരം കരീം പറഞ്ഞു.















