ആലപ്പുഴ : ആശ പ്രവർത്തകരുടെ കലക്ടറേറ്റ് മാർച്ച് പൊളിക്കാൻ എല്ലാ തന്ത്രങ്ങളും പുറത്തെടുത്ത് സി പി എം. ആലപ്പുഴയിൽ CITU ആശ യൂണിയന്റെ ബദൽ മാർച്ച് പ്രഖ്യാപിച്ചു.നാളെ ആലപ്പുഴയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ആശാ വർക്കർമാരുടെ കലക്ടറേറ്റ് മാർച്ചിന്റെ മുന്നോടിയായിട്ടാണ് സി ഐ ടി യു വിനെക്കൊണ്ട് ബദൽ മാർച്ചിന് സിപി എം ഒരുങ്ങുന്നത്. ആശാ വർക്കേഴ്സ് യൂണിയൻ (CITU ) മാർച്ച് നടത്തുന്നത് പാസ്പോർട്ട് ഓഫീസിലേക്കാണ്.
രണ്ടു സമരവും നാളെ ഒരേ സമയത്താണ് പ്രഖ്യാപിച്ചത്. ചുവപ്പും വെള്ളയും വസ്ത്രം ധരിച്ചെത്താൻ ആശമാർക്ക് CITU നിർദേശം നൽകിയിട്ടുണ്ട്. സെക്രട്ടേറിയേറ്റിനു മുന്നിലെ ആശ സമരത്തിലെ ആവശ്യങ്ങൾ തന്നെ CITU യൂണിയൻ്റേതും.
ആശകളുടെ പാസ്പോർട്ട് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത് പി.പി. ചിത്തരഞ്ജൻ MLA ആണ്.
സ്വതന്ത്ര യൂണിയൻ ആശകളുടെ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത് മുൻ എം പി ഡോ. കെ. എസ് മനോജ് ആണ്. ഇരു യൂണിയനുകളുടെയും മാർച്ചിന് വേദിയാകുന്ന കലക്ടറേറ്റും പാസ്പോർട്ട് ഓഫീസും തമ്മിൽ 250മീറ്റർ മാത്രമാണ് അകലം.
നേരത്തെ കലക്ടറേറ് മാർച്ചിൽ പങ്കെടുക്കരുതെന്ന് ആശകളുടെ ഗ്രൂപ്പിൽ സിഐടിയു യൂണിയൻ നേതാക്കൾ ഭീഷണി ശബ്ദ സന്ദേശം നൽകിയിരുന്നു. എല്ലാം നേടി തന്നത് സിഐടിയു ആണെന്നും സന്ദേശം അവകാശപ്പെടുന്നു. സമരം ചെയ്ത് പറഞ്ഞ കാര്യങ്ങൾ നേടി സമരം അവസാനിപ്പിച്ച് എത്തിയപ്പോഴാണ് ഇവർ സമരവുമായി വന്നത് എന്നും സന്ദേശത്തിൽ പറയുന്നു. മാധ്യമങ്ങൾ ചോദിച്ചാൽ ഒന്നും പറയരുത് എന്ന് സന്ദേശത്തിൽ താക്കീത് ചെയ്യുന്നുണ്ട്. ആശമാരെ വിളിച്ചാൽ നേരമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറണം, സ്ഥലത്തില്ലെന്ന് പറഞ്ഞേക്കണമെന്നും നിർദേശമുണ്ട്.















