ചെന്നൈ : ഹിന്ദിക്കെതിരെ എന്ന വ്യാജേന വിഘടനവാദ പരമാർശവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ആവശ്യമെങ്കിൽ സംസ്ഥാനം മറ്റൊരു ഭാഷാ യുദ്ധത്തിന് തയ്യാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കേന്ദ്രത്തിന്റെ ത്രിഭാഷാ നയത്തെക്കുറിച്ചുള്ള വ്യാജപ്രചാരണത്തിന് തമിഴ് നാട് മുഖ്യമന്ത്രി തന്നെ നേതൃത്വം നൽകുന്നു എന്ന ആശങ്ക വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ.
എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം എന്നും ദേശീയ വിദ്യാഭ്യാസ നയങ്ങളെ അന്ധമായി എതിർത്തിരുന്നു, തമിഴ്‌നാട് തമിഴും ഇംഗ്ലീഷും തുടരുമെന്ന് വാദിക്കുകയും കേന്ദ്രസർക്കാർ സംസ്ഥാനത്തിന്മേൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
അതേസമയം, സ്റ്റാലിന്റെ പരാമർശത്തിനെതിരെ തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ ശക്തമായി തിരിച്ചടിച്ചു, ഭാഷാ നയത്തിന്റെ കാര്യത്തിൽ ഡിഎംകെയുടെ കാപട്യം കെ അണ്ണാമലൈ തുറന്നു കാട്ടി.സ്വകാര്യ സിബിഎസ്ഇ സ്‌കൂളുകളിലെ കുട്ടികളിൽ നിന്ന് വ്യത്യസ്തമായി, തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് മൂന്നാം ഭാഷ പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നുവെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ അണ്ണാമലൈ ആരോപിച്ചു.
“മൂന്നാം ഭാഷ പഠിക്കുന്നതിന് ഒരു നിയന്ത്രണവുമില്ലെന്നും, എന്നാൽ നിങ്ങൾക്ക് അത് പഠിക്കണമെങ്കിൽ, നിങ്ങളുടെ കുട്ടികളെ സിബിഎസ്ഇയിലോ ഡിഎംകെ അംഗങ്ങൾ നടത്തുന്ന മെട്രിക്കുലേഷൻ സ്കൂളുകളിലോ ചേർക്കണമെന്നാണോ മിസ്റ്റർ സ്റ്റാലിൻ സൂചിപ്പിക്കുന്നത്?” അണ്ണാമലൈ ചോദിച്ചു. “സമ്പന്നർക്ക് ഒരു നിയമം, ദരിദ്രർക്ക് മറ്റൊരു നിയമം” എന്ന ഇരട്ടത്താപ്പ് നിലപാടാണ് ഡിഎംകെ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
“പെയിന്റ് ടിന്നുകളുമായി ചുറ്റിത്തിരിയുന്ന നിങ്ങളുടെ പാർട്ടി അംഗങ്ങൾ, നിങ്ങളുടെ പ്രസ്താവനയിൽ ഹിന്ദിയും ഇംഗ്ലീഷും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കാൻ മറന്നുപോയതായി തോന്നുന്നു.”ഹിന്ദിക്കെതിരെ പ്രതിഷേധിക്കുന്ന ഡിഎംകെ പ്രവർത്തകരെ പരിഹസിച്ചുകൊണ്ട് അണ്ണാമലൈ അഭിപ്രായപ്പെട്ടു.















