50 വയസിനിടയിൽ ഒരു സ്ത്രീ 53 കുട്ടികൾക്ക് ജന്മം നൽകിയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? അവിശ്വസനീയമാണെന്നും തോന്നുമെങ്കിലും സംഭവം സത്യമാണ്. കോംഗോ റിപ്പബ്ലിക്കിലെ ഗോമാ നഗരത്തിലെ ഫ്രാൻസിയാണ് ഈ അമ്മ. 17 പ്രസവങ്ങളിൽ നിന്നാണ് 53 കുഞ്ഞുങ്ങൾ ജനിച്ചത്.
പതിനാറാം വയസിലാണ് ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. രണ്ട് വർഷം കഴിയും മുൻപേ പങ്കാളിയുമായി പിരിഞ്ഞു. 19 മത്തെ വയസിലാണ് രണ്ടാം വിവാഹം. ആ ബന്ധത്തിലാണ് ശേഷിക്കുന്ന 52 പേരും പിറന്നത്. ഒരു പ്രസവത്തിൽ അഞ്ച് കുട്ടികൾക്ക് വരെ ഇവർ ജന്മം നൽകിയിട്ടുണ്ട്. 4 മാസം മുൻപ് ഫ്രാൻസിന്റെ ഭർത്താവ് മരിച്ചത്.
എന്തുകൊണ്ടാണ് ഇത്രയും കുഞ്ഞുങ്ങൾ എന്ന ചോദ്യത്തിന് പ്രസവിക്കുന്നത് നിർത്തിയിരുന്നെങ്കിൽ ഞാൻ മരിച്ചു പോകുമായിരുന്നുവെന്നാണ് ഫ്രാൻസിന്റെ മറുപടി. ഹൈപ്പർ ഓവുലേഷൻ എന്ന ജനിതകാവസ്ഥയുള്ള സ്ത്രീയാണ് ഫ്രാൻസി. ഇത്തരം അവസ്ഥയുള്ളവരിൽ ഒരു ആർത്തവ ചക്രത്തിൽ തന്നെ ഒന്നിലധികം അണ്ഡം ഉൽപ്പാദിപ്പിക്കും. അതിനാൽ ഒരു പ്രസവത്തിൽ ഒന്നിലധികം കുഞ്ഞുങ്ങൾ ജനിക്കും. 12 മത്തെ പ്രസവത്തിലാണ് ഫ്രാൻസിക്ക് ഹൈപ്പർ ഓവുലേഷൻ കണ്ടെത്തുന്നത്. പ്രസവം നിർത്തിയാൽ ഓവറിയിൽ ജീവൻ അപകടത്തിലാക്കുന്ന ട്യൂമറുണ്ടാകുമെന്നാണാണ് ഡോക്ടർ പറഞ്ഞിരുന്നു. അതിനാലാണ് പ്രസവം തുടരാൻ ഞങ്ങൾ തീരുമാനിച്ചത്, ഫ്രാൻസി പറയുന്നു.

അതിദരിദ്രമായ കുടുംബമാണ് ഇവരുടേത്. 34 കാരനായ കോംബാലെയാണ് മക്കളിൽ മുത്തവൻ. നിലവിൽ 10 പേരക്കുട്ടികളുടെ മുത്തശ്ശി കൂടിയാണ് 50 കാരി. വിവാഹിതരായ ചില മക്കൾ മാറി താമസിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ളവർ രണ്ട് മുറിയുള്ള വീട്ടിലാണ് താമസിക്കുന്നത്. ദിവസും 27 കിലോ ചോളപ്പൊടിയും ആറ് കിലോ പയറുമാണ് ഇവരുടെ ആകെ ഭക്ഷണം.
കുഞ്ഞുങ്ങളെ ദത്ത് നൽകാനോ അനാഥാലയത്തിലാക്കാനോ നിരവധി പേർ ഫ്രാൻസിയെ ഉപദേശിക്കുന്നുണ്ട്. എന്നാൽ മക്കളില്ലാതെ തനിക്ക് ഒരു ജീവിതമില്ല. മക്കൾ ഈ ഭൂമിയിൽ കൊണ്ട് വന്നത് ഞാനാണ്. അതുകൊണ്ട് എത്ര കഷ്ടപ്പെട്ടായാലും ഞാൻ അവരെ നോക്കുമെന്നാണ് ഫ്രാൻസിയുടെ മറുപടി.















