ദിസ്പൂർ: അസമിലെ പ്രസിദ്ധമായ കാമാഖ്യ മാതാ ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി. ക്ഷേത്രത്തിൽ നിന്നുള്ള ചിത്രം അനിൽ കെ ആന്റണി ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ’ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി ദേവിയുടെ അനുഗ്രഹം തേടി’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
അസമിലെ ഏറ്റവും പ്രധാനപ്പെട്ടതും താന്ത്രിക ക്ഷേത്രവും പ്രശസ്ത തീർത്ഥാടന കേന്ദ്രവുമാണ് കാമാഖ്യ ക്ഷേത്രം. ഗുവാഹത്തിയിലെ നീലാചൽ കുന്നിൻ മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരുപാട് ആചാരങ്ങൾ നിലനിൽക്കുന്ന ക്ഷേത്രമാണിവിടം. ദേവിയുടെ ആർത്തവ ദിനങ്ങളിലാണ് ഇവിടെ പ്രശസ്തമായ അമ്പുബാച്ചി മേള നടക്കുന്നത്. ജൂൺ, ജൂലൈ മാസങ്ങളിലായിരിക്കും അമ്പുബാച്ചി മേള നടക്കുക. ഈ ദിവസങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ ക്ഷേത്രത്തിലേക്ക് എത്തുന്നു.
ദക്ഷയാഗസമയത്ത് ജീവത്യാഗം ചെയ്ത സതീദേവിയുടെ ശരീരം മഹാവിഷ്ണുവിന്റെ സുദർശന ചക്രപ്രയോഗത്തിൽ 108 കഷ്ണങ്ങളായി ചിതറിയപ്പോൾ യോനീഭാഗം വീണ സ്ഥലമാണ് കാമാഖ്യ. ചുവന്ന പൂക്കൾ, ചുവന്ന തുണിക്കഷ്ണങ്ങൾ, സിന്ദൂരം എന്നിവയാണ് ദേവിക്ക് പൂജയ്‌ക്കായി ഉപയോഗിക്കുന്നത്.















