കൊച്ചി: സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാർക്കെതിരെ പരിഹാസം തുടർന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. ഏതോ ഒരു ഈര്‍ക്കില്‍ സംഘടനായാണ് സമരം നടത്തുന്നത്. മാദ്ധ്യമശ്രദ്ധ കിട്ടിയപ്പോൾ സമരം ചെയ്യുന്നവർക്ക് ഹരമായെന്നുമായിരുന്നു സിഐടിയു നേതാവിന്റെ വാക്കുകൾ. കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോടാണ് എളമരം കരീമിന്റെ പ്രതികരണം.
ഇത് മൂന്നാമത്തെ തവണയാണ് എളമരം കരീം സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരെ അവഹേളിക്കുന്നത്. കഴിഞ്ഞ ദിവസം പാർട്ടി മുഖപത്രമായ ദേശാഭമാനിയിൽ എഴുതിയ ലേഖനത്തില്‍ ആശവർക്കരുടെ സമരത്തെ മൂന്നാറിലെ പൊമ്പിളൈ ഒരുമൈ നടത്തിയ സമരത്തിന്റെ തനിയാവർത്തനം എന്നാണ് വിളിച്ചത്. മാത്രമല്ല സമരം വെറും നാടകമാണെന്നും അരാജക സംഘടനകളാണ് ഇതിന് പിന്നാലെന്നും എളമരം കരീം പറഞ്ഞിരുന്നു.