തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാന്റെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ഡോക്ടർമാരുടെ അനുമതി ലഭിച്ചാലുടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് അറിയിക്കുന്നത്. മെഡിക്കൽ കോളേജിൽ വച്ചുതന്നെ അറസ്റ്റ് രേഖപ്പെടുത്തും. അഫാന്റെ മാനസികനില വിലയിരുത്തുമെന്നും പൊലീസ് അറിയിച്ചു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് റിമാൻഡ് ചെയ്യും. അഫാൻ ആശുപത്രിയിൽ തന്നെ തുടരുകയും ചെയ്യും. ആവശ്യമെങ്കിൽ 24 മണിക്കൂർ കസ്റ്റഡിയിൽ വച്ച് വിവരങ്ങൾ ശേഖരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കുടുംബത്തിന് കടം നൽകിയവരുടെ വിവരവും പോലിസ് ശേഖരിച്ച് വരികയാണ്. കട ബാധ്യതയുടെ ആഴം കണ്ടെത്താനാണിത്. കൂട്ടക്കൊലയിലേക്ക് നയിച്ചത് വൻ കടബാധ്യതയാണെന്നാണ് പൊലീസിന്റെ നിഗമനം.
കൊല്ലപ്പെട്ട കാമുകി ഫർസാനയുടെ സ്വർണമാലയും അഫാൻ പണയം വച്ചിരുന്നു. മാല എടുത്തു തരണമെന് ഫർസാന അടുത്തിടെ ആവശ്യപ്പെട്ടിരിന്നതായും പൊലീസ് കണ്ടെത്തി. ഫർസാനയ്‌ക്ക് അഫാൻ നൽകിയത് മുക്കുപണ്ടം ആയിരുന്നുവെന്നാണ് വിവരം. മാല പണയത്തിലാണെന്ന് ഫർസാനയുടെ വീട്ടിൽ അറിയാതിരിക്കാൻ തത്കാലം മുക്കുപണ്ടം നൽകുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ്മ ഷെമിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്താനും സാധ്യതയുണ്ട്. ഷെമിയുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്‌ക്കായി കൈമാറിയതായും പൊലീസ് അറിയിച്ചു.















