ഗായകൻ യേശുദാസിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത തെറ്റാണെന്ന് മകൻ വിജയ് യേശുദാസ്. അമേരിക്കയിലുള്ള യേശുദാസ് ആരോഗ്യവാനാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
എങ്ങനെയാണ് വാർത്ത വന്നതെന്ന് അറിയില്ല. അച്ഛൻ അമേരിക്കയിലാണ്. പറയത്തക്ക ആരോഗ്യപ്രശ്നങ്ങളില്ല. ആശങ്കപ്പെടേണ്ട ഒരുകാര്യവും നിലവിലില്ല, വിജയ് പറഞ്ഞു. ആശുപത്രി വൃത്തങ്ങളും വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
ഇന്ന് രാവിലെയാണ് ഇത്തരം ഒരു വാർത്ത പരന്നത്. രക്തസമ്മർദ്ദത്തെ തുടർന്ന് ചെന്നൈയിലെ ഒരു ആശുപത്രിയിൽ യേശുദാസിനെ പ്രവേശിപ്പിച്ചെന്നായിരുന്നു വാർത്തയുടെ ഉള്ളടക്കം. സോഷ്യൽ മീഡിയയിലും ഇത് ചർച്ചയായി. പിന്നാലെയാണ് വിശദീകരണം. അതേസമയം ഓഗസ്റ്റിൽ യേശുദാസ് ഇന്ത്യയിൽ എത്തുമെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.















