കൊച്ചി: കഴിഞ്ഞദിവസം അന്തരിച്ച പറവൂർ മുൻ എം.എൽ.എ പി.രാജുവിന്റെ കുടുംബം സി.പി.ഐക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തി.
പാർട്ടി നടപടിയിൽ മനംനൊന്തുകൂടിയാണ് രാജുവിന്റെ മരണമെന്ന് സഹോദരീഭർത്താവ് ഗോവിന്ദകുമാർ പറഞ്ഞു. നേരത്തേ പി രാജുവിനെ പാർട്ടി തരംതാഴ്‌ത്തിയിരുന്നു. നടപടി ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം ഇടപെട്ടില്ല എന്നായിരുന്നു ആക്ഷേപം.
രാജുവിന്റെ ആരോഗ്യനില മോശമാകാനും ഇത്രപെട്ടെന്ന് മരിക്കാനും കാരണം പാർട്ടി നടപടിയാണെന്നാണ് വിശ്വസിക്കുന്നതെന്ന് ഗോവിന്ദകുമാർ ആരോപിച്ചു. “പാർട്ടി നടപടി പിൻവലിച്ചെന്നും പറയുന്നുണ്ട്. ഇതെല്ലാം പറയുന്നതല്ലാതെ കുടുംബത്തിന് ഇതു സംബന്ധിച്ച് യാതൊരു വിവരവും ഇല്ല. പാർട്ടിയിലേക്ക് തിരിച്ചെടുത്തെന്ന് മാധ്യമങ്ങളിൽ കണ്ടതല്ലാതെ കുടുംബത്തിന് ഒന്നും അറിയില്ല”. അദ്ദേഹം പറഞ്ഞു
രാജുവിന്റെ മൃതദേഹം ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വെയ്‌ക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുടുംബം അതിനെ എതിർത്തു. ടൗൺ ഹാളിലും വീട്ടിലും മാത്രം പൊതുദർശനം മതിയെന്ന് കുടുംബം പറഞ്ഞു. രാജുവിനെതിരേ നടപടിവന്നത് ചില നേതാക്കൾ കാരണമാണെന്ന് കുടുംബം ആരോപിക്കുന്നു. ഇവർ സംസ്കാര ചടങ്ങിൽ പങ്കെടുക്കരുത് എന്നതാണ് കുടുംബത്തിന്റെ ആവശ്യം.
“കുടുംബത്തിന്റെ പേരിൽ കരഞ്ഞുകൊണ്ട് അഭ്യർഥിക്കുകയാണ്. നടപടിക്ക് നേതൃത്വം കൊടുത്ത ഒരാളും ഇവിടേക്ക് തിരിഞ്ഞുനോക്കരുത്’, ഗോവിന്ദകുമാർ പറഞ്ഞു.
അഴിമതി ആരോപണം ഉന്നയിച്ച് ഒരു വർഷം മുമ്പ് രാജുവിനെ സിപിഐയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയിട്ടും രാജുവിന്റെ തിരിച്ചുവരവിന് ജില്ലാ നേതൃത്വം തടസം നിന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. ഈ സാഹചര്യത്തിലാണ് പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ആറോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പി.രാജുവിന്റെ അന്ത്യം. ആര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഏതാനും ദിവസം മുമ്പ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.പറവൂരില്‍നിന്ന് അദ്ദേഹം രണ്ടുതവണ എം.എല്‍.എ ആയി. സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്നു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗമായും ജനയുഗം കൊച്ചി യൂണിറ്റ് മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അന്തരിച്ച സിപിഐ നേതാവ് പി രാജുവിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് നാല് മണിക്ക് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പറവൂരിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശത്തിനു ശേഷമാകും സംസ്കാര ചടങ്ങുകള്‍. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്കാര ചടങ്ങില്‍ പങ്കെടുക്കും.















