തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ ബാപ്പ അബ്ദുൽ റഹീം നാട്ടിലെത്തി. ഇന്നു രാവിലെ 7.55-ഓടെയാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. റഹീമിന്റെ ഉമ്മയും ഇളയ മകനും പ്രിയപ്പെട്ട സഹോദരനും സഹോദരന്റെ ഭാര്യയുയാണ് കൊല്ലപ്പെട്ടത്. ഭാര്യ മകന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലും.
റിയാദിൽ ഒരു കടനടത്തുകയായിരുന്നു റഹീം. പലതരം പ്രശ്നങ്ങൾ ഒന്നിച്ചെത്തിയപ്പോൾ കടക്കാരിൽ നിന്ന് തൽക്കാലത്തേക്ക് മാറി നിൽക്കാനാണ് റഹീം ദമ്മാമിലേക്ക് പോയത്. അവിടെ ഒരു കടയിൽ ജോലി ചെയ്ത് ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തം സംഭവിക്കുന്നത്. വ്യാഴാഴ്ച 12.15-നായിരുന്നു റഹിം ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്.
നാട്ടിലെത്തിയ അബ്ദുൽ റഹീം ഡി.കെ. മുരളി എം.എൽ.എ.യുടെ ഓഫീസിലേക്കാണ് ആദ്യം ചെന്നത്. ഇവിടെ നിന്ന് പള്ളിയിലേക്ക് പോകും. അവസാനമായി ഒരു നോക്ക് കാണാൻ പറ്റാത്ത തന്റെ പ്രിയപ്പെട്ടവരുടെ ഖബറിടങ്ങളിലേക്ക്. അതിന് ശേഷം ആശുപത്രിയിലേക്ക് പോയി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഭാര്യയെ കാണുമെന്നാണ് ലഭിക്കുന്ന വിവരം.
അഫാൻ ആദ്യ മകനായത് കൊണ്ട് കൂടുതൽ വാത്സല്യം നൽകിയിരുന്നുവെന്ന് റഹീം പറയുന്നു. അഫാൻ സന്ദർശക വിസയിൽ 10 മാസത്തോളം റിയാദിൽ ഒപ്പമുണ്ടായിരുന്നു. ആ സമയത്ത് അവൻ കാറ്ററിംഗിനും മറ്റും പോയി സ്വന്തമായി പണം സമ്പാദിച്ചിരുന്നു എന്നും റഹിം പറയുന്നു. അടുത്ത ദിവസങ്ങളിലൊന്നും മകനെ ഫോണിൽ കിട്ടിയിരുന്നില്ല. ഇടക്കൊക്കെ മകൻ കാശിന് വേണ്ടി ഭാര്യയുടെ അടുത്ത് വഴക്കിടാറുണ്ട് എന്നും അബ്ദുൽ റഹിം പറയുന്നു.