ചെന്നൈ: കോയമ്പത്തൂർ സ്ഫോടന കേസിലെ ഒന്നാം പ്രതി ബാഷയുടെ വീട് സന്ദർശിച്ച് NCHDR പ്രവർത്തകർ. പഴയ നെക്സലേറ്റും സംഘടനയുടെ പ്രസിഡന്റുമായ വിളയോടി ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് ബാഷയുടെ വിട്ടിൽ എത്തിയത്. ഇതോടെ നിരോധിത ഭീകരവാദ സംഘടനകളുമായി NCHDR നുള്ള ബന്ധം കൂടുതൽ വ്യക്തമായി. അൽഉമ്മ ഭീകരനായ ബാഷയുടെ സംസ്കാര ചടങ്ങിൽ ആയിരങ്ങൾ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.
ബാഷയുടെ മരണവുമായി ബന്ധപ്പെട്ട് മക്കളെ ആശ്വസിപ്പിക്കാനാണ് സന്ദർശനമെന്ന് ഫേസ്ബുക്കിൽ പറയുന്നു . കഴിഞ്ഞ മാസമായിരുന്നു ബാഷയുടെ മരണം. ബാഷ മുഖ്യപ്രതിയായ കൊയമ്പത്തൂർ സ്ഫോടനത്തിൽ 51 പേരാണ് കൊല്ലപ്പെട്ടത്. ബാഷയുടെ മകനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
മനുഷ്യവകാശ സംഘടനയെന്ന പേരിൽ പാലക്കാട് നിന്നും ആരംഭിച്ചതാണ് NCHDR. നിരോധിത സംഘടനകളായ പിഎഫ്ഐയുടെയും സിമിയുടെയും നേതാക്കളാണ് ഇതിന്റെ തലപ്പത്തുള്ളത്. പോപ്പുലർ ഫ്രണ്ടിന്റെ ഉപഗ്രഹസംഘടനയായിരുന്ന നിരോധിക്കപ്പെട്ട INCHRO ആണ് രൂപം മാറി NCHDR ആയതെന്ന ആരോപണം ശക്തമാണ്. ഭീകരവാദക്കേസുകളിൽ പ്രതികൾക്ക് നിയമസഹായം നൽകുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്നും ആരോപണം ഉയരുന്നുണ്ട്. ഇത് ശരിവയ്‌ക്കുന്നതാണ് ബാഷയുടെ വീട് സന്ദർശനം.
ഫെബ്രുവരി 16 ന് കോഴിക്കോട് വെച്ച് നടത്താനിരുന്ന NCHDR പ്രഖാപന സമ്മേളനം മാറ്റിവെച്ചിരുന്നു. ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് സമ്മേളനം നടത്തുമെന്നാണ് ശിവൻകുട്ടി പറഞ്ഞത്. പരിപാടി തടയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. സംഘടനയുടെ പ്രവർത്തനം കേന്ദ്രഏജൻസികൾ സസൂക്ഷണം നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം.