വയനാട്: പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ജീവനക്കാരി ഓഫീസ് ശുചിമുറിയിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കേരള എൻ.ജി.ഒ. സംഘ്. സ്വന്തം ഓഫീസിലെ സഹപ്രവർത്തകനായ ഇടത് സംഘടനാ നേതാവിന്റെ മോശം പെരുമാറ്റം സംബന്ധിച്ച് മേലധികാരിക്ക് ജീവനക്കാരി പരാതി നൽകിയിരുന്നു. ഇതിന്റെ പ്രതികാരമായി സംഘടനാ നേതാവ് ഭരണ സ്വാധീനം ഉപയോഗിച്ച് പരാതിക്കാരിയെ സ്ഥലം മാറ്റുകയും,
തുടർന്ന് നടത്തിയ മാനസിക പീഡനങ്ങളുമാണ് ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് ആരോപണം. ആയതിനാൽ സത്യസന്ധവും, നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും, ഓഫീസുകളിൽ വനിതാ ജീവനക്കാർക്ക് സമാധാനപരമായി ജോലിചെയ്യുന്നതിനുള്ള മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും കേരള എൻ. ജി. ഒ. സംഘ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വികെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ സംസ്ഥാന സമിതിയഗം എം. കെ.പ്രസാദ് ജില്ലാ സെക്രട്ടറി വി.പി. ബ്രിജേഷ് ജില്ലാ ട്രഷറർ എം. ആർ.സുധി എന്നിവർ പ്രസംഗിച്ചു.